മാവോയിസ്റ്റ് സാന്നിധ്യം: അന്വേഷണം തുടങ്ങി
Thursday, December 8, 2016 4:09 PM IST
കണ്ണൂർ: കേളകം അടയ്ക്കാത്തോട് രാമച്ചി കുറിച്യ കോളനിയിൽ മാവോയിസ്റ്റുകളെത്തിയ സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണ ചുമതല. ഡിവൈഎസ്പിയും സംഘവും ഇന്നലെ കോളനിവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്‌ഥരും കോളനിയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. നിലമ്പൂർ സംഭവത്തിൽ തിരിച്ചടിയുണ്ടാകുമെന്ന മാവോയിസ്റ്റുകളുടെ ഭീഷണി പോലീസ് ഗൗരവമായാണു കാണുന്നത്.

നിലമ്പൂർ വനത്തിൽവെടിവയ്പുണ്ടായതിനുശേഷം സംസ്‌ഥാനത്ത് കുറിച്യ കോളനിയിലാണ് ഇതാദ്യമായി മാവോയിസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് കോളനിയിലെ എടാൻ കേളപ്പൻ, വിജയൻ എന്നിവരുടെ വീട്ടിലും തെക്കേപ്പുറത്ത് ദേവസ്യയുടെ വീട്ടിലും മാവോയിസ്റ്റുകളെത്തി ആഹാരസാധനങ്ങൾ ശേഖരിച്ചത്. നിലമ്പൂർ സംഭവത്തിൽ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പു നൽകുകയും തങ്ങളെത്തിയ വിവരം പോലീസിൽ അറിയിച്ചാൽ ഭവിഷ്യത്തുണ്ടാകുമെന്ന് കോളനിവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.