ഭൂമി രജിസ്ട്രേഷൻ: ഉത്തരവിലെ അവ്യക്‌തത നീക്കാൻ രജിസ്ട്രേഷൻ ഐജിക്കു നിർദേശം
Thursday, December 8, 2016 4:09 PM IST
തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനു ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം രജിസ്ട്രേഷൻ ഫീസിനു പകരം ഉത്തരവിലെ അവ്യക്‌തമൂലം രണ്ടു ശതമാനം നൽകേണ്ടിവരുന്നുവെന്ന പരാതിയിലെ അവ്യക്‌തത നീക്കാൻ രജിസ്ട്രേഷൻ ഐജിക്കു വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. അവ്യക്‌തതയുടെ അടിസ്‌ഥാനത്തിൽ സബ് രജിസ്ട്രാർമാർ രണ്ടു ശതമാനം വരെ നികുതി ഈടാക്കുന്നത് അവസാനിപ്പിച്ചു സർക്കാർ നിർദേശിച്ചതു പോലെ ഒരു ശതമാനം മാത്രം നികുതി ഈടാക്കാൻ ആവശ്യമായ നിർദേശം നൽകാനാണു നിർദേശം.

ശതമാനത്തിലെ അവ്യക്‌തത നീക്കാൻ കഴിയുമെങ്കിലും ഭൂമി രജിസ്ട്രേഷനായി 25,000 രൂപയെന്ന പരിധി ഏർപ്പെടുത്തണോയെന്ന കാര്യത്തിലെ അവ്യക്‌തത നീക്കാൻ വകുപ്പിനു നേരിട്ടു കഴിയില്ലെന്നു രജിസ്ട്രേഷൻ ഐജി സർക്കാരിനെ അറിയിച്ചിട്ടുണ്ട്്. ഇതിനായി സർക്കാരിന്റെ നയപരമായ തീരുമാനം വേണ്ടിവരും. ധന ബില്ലിൽ നികുതി നിർദേശങ്ങൾ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. രജിസ്ട്രേഷൻ ഫീസ് നികുതി നിർദേശമല്ല. നികുതിയിതര വരുമാനമാണ്.


നികുതിയേതര രജിസ്ട്രേഷൻ ഫീസ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നില്ല. മുദ്രപത്രത്തിന്റെ നിരക്കു കുറച്ചപ്പോൾ രജിസ്ട്രേഷൻ ഫീസിലും കുറവു വരുത്തിയെന്നാണു പൊതുവിൽ കരുതിയത്. ഇതു നടപ്പാകണമെങ്കിൽ ഇളവു നൽകാൻ സർക്കാർ നയപരമായി തീരുമാനിക്കുകയും അതനുസരിച്ച് ഉത്തരവിറക്കുകയും വേണ്ടി വരും. ഇനി ചട്ടം പുതുക്കുന്നതിനുള്ള ശിപാർശ രജിസ്ട്രേഷൻ വകുപ്പ് നിയമവകുപ്പിനു നൽകണം. നിയമവകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ ഉത്തരവു പുറത്തിറക്കാൻ കഴിയുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.