18 വയസുള്ള മൂർഖനെ ചാക്കിലാക്കി വാവാ സുരേഷ്
18 വയസുള്ള മൂർഖനെ ചാക്കിലാക്കി വാവാ സുരേഷ്
Thursday, December 8, 2016 4:09 PM IST
മാമ്മൂട് (ചങ്ങനാശേരി): വീട്ടുമുറ്റത്തെ കരിങ്കൽ കൂട്ടത്തിനിടയിൽ ഒളിച്ച മൂർഖൻ മണിക്കൂറുകൾ നാട്ടുകാരെ വിറപ്പിച്ചെങ്കിലും വാവാ സുരേഷിനെ വിറപ്പിക്കാനായില്ല.മാന്നില ജോളി ഐസക്കിന്റെ വീട്ടുമുറ്റത്തുനിന്നാണ് ആറേകാൽ അടി നീളമുള്ള പെൺമൂർഖനെ പാമ്പ് വിദഗ്ധൻ വാവാ സുരേഷ് ചാക്കിലാക്കിയത്.

പുലർച്ചെ ഒന്നു വരെ നീണ്ട ദൗത്യത്തിനൊടുവിലാണ് മൂർഖൻ കീഴടങ്ങിയത്. കരിങ്കല്ലുകൾ എടുത്തുമാറ്റി വാൽ ഭാഗത്തു പിടിച്ചപ്പോഴേക്കും മൂർഖൻ ചീറ്റി പത്തിയെടുത്തു. എന്നാൽ, സുരേഷ് കുലുങ്ങിയില്ല. പിടിവിടാതെ വാലിൽ പൊക്കിയെടുത്തു.

ബുധനാഴ്ച രാത്രി വളർത്തു നായ്ക്കു പാൽ കൊടുക്കുമ്പോൾ മാന്നില പുതുച്ചിറ രാജപ്പന്റെ നായ്ക്കൂടിനു സമീപത്താണ് മൂർഖനെ കണ്ടത്. ഇവർ ടോർച്ചടിച്ചതോടെ ഇവിടെനിന്നു തൊട്ടടുത്ത പുരയിടത്തിലേക്ക് ഇഴഞ്ഞു ജോളിയുടെ വീടിന്റെ പിന്നിലുള്ള കരിങ്കൽ കൂനയ്ക്കിടയിൽ ഒളിക്കുകയായിരുന്നു. മാന്നില പൗരസമിതി പ്രസിഡന്റ് തിരുവനന്തപുരം ബേബിച്ചന്റെ നേതൃത്വത്തിൽ വാവാ സുരേഷിനെ വിവരം അറിയിച്ചു.


തൃക്കൊടിത്താനം പൊലീസെത്തിയാണു ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ മധ്യത്തിൽ വാവാ സുരേഷ് മൂർഖനെ പ്രദർശിപ്പിച്ചു.

18 വയസുള്ള പെൺ മൂർഖനാണിതെന്നും ആറേകാൽ അടി നീളമുണ്ടെന്നും പാമ്പിന്റെ ഇടതു കണ്ണിനു കാഴ്ചയില്ലെന്നും വാവ പറഞ്ഞു.

വാവാ സുരേഷിനു ജയ് വിളിച്ചു കൈയടിയോടെയാണ് നാട്ടുകാർ സന്തോഷം പങ്കിട്ടത്. പാമ്പിനെ ചാക്കിലാക്കി, തടിച്ചു കൂടിയ നൂറു കണക്കിനാളുകൾക്കൊപ്പം സെൽഫിയെടുത്ത ശേഷം മൂന്നു മണിയോടെയാണു പാമ്പുകളുടെ തോഴൻ വാവ സുരേഷ് മടങ്ങിയത്. പഞ്ചായത്തംഗം മോളി ജോൺ വാറ്റൂപറമ്പിലും ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.