മാവോയിസ്റ്റുകളുടെ പരിശീലനം: രേഖകൾ പുറത്തുവിട്ടു
മാവോയിസ്റ്റുകളുടെ പരിശീലനം:   രേഖകൾ പുറത്തുവിട്ടു
Friday, December 9, 2016 3:53 PM IST
നിലമ്പൂർ: നിലമ്പൂർ വനമേഖലകളിൽ മാവോയിസ്റ്റുകൾ ആയുധപരിശീലനം നടത്തിയതിന് തെളിവുണ്ടെന്ന് വ്യക്‌തമാക്കിയ പോലീസ് രേഖകൾ പുറത്തുവിട്ടു. മാവോയിസ്റ്റുകൾ തമ്മിൽ നടത്തിയ കുറിപ്പുകളുടെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പോലീസ് പുറത്തുവിട്ടത്.

നവംബർ 24ന് കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉണക്കപ്പാറ വനത്തിൽ രണ്ട് മാവോയിസ്റ്റുകൾ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസും വ്യാജഏറ്റുമുട്ടൽ നടത്തി പോലീസ് കൊലപാതകം നടത്തുകയായിരുന്നുവെന്ന് സിപിഐ അടക്കമുള്ള സംഘടനകളും ആരോപിച്ചിരുന്നു.

എന്നാൽ ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്നും തുടർന്ന് സ്വരക്ഷയ്ക്ക് വേണ്ടി തണ്ടർബോൾട്ട് തിരിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നും ഈ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവർ കൊല്ലപ്പെട്ടതെന്നും ഡിജിപി ലോക്നാഥ് ബെഹ്റയും മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയും വിശദീകരിച്ചിരുന്നു.


പോലീസിനെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാവോയിസ്റ്റുകൾ വനത്തിനുള്ളിൽ ആയുധ പരീശീലനം നടത്തിയതിന്റെ തെളിവുകളായി പോലീസ് രേഖകൾ പുറത്ത് വിട്ടത്.

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ശേഷം സംഭവസ്‌ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് സാധനങ്ങൾ അടക്കം ഒട്ടേറെ വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇക്കൂട്ടത്തിലുള്ള ഒരു പെൻഡ്രൈവിലെ വിവരങ്ങളാണ് പോലീസ് പുറത്ത് വിട്ടത്.

ഹിന്ദിയിലെഴുതിയ രണ്ട് പേജും മലയാളത്തിൽ എഴുതിയ ഒരു പേജുമാണ് പുറത്ത് വിട്ടത്. ഇതിൽ ഗ്രനേഡ് എറിയുന്നത് ഉൾപ്പെടെയുള്ള ആയുധ പരിശീലനം നടത്തുന്നതിനുള്ള ടൈംടേബിൾ എഴുതിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.