പി. വിശ്വംഭരന്റെ നിര്യാണത്തിൽ; നേതാക്കൾ അനുശോചിച്ചു
Friday, December 9, 2016 3:53 PM IST
തിരുവനന്തപുരം: സോഷ്യലിസ്റ്റ് നേതാവും മുൻ എംപിയുമായ പി. വിശ്വംഭരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്താണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. അദ്ദേഹം നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളോടൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി സന്ദേശത്തിൽ അറിയിച്ചു.

മുതർന്ന സോഷ്യലിസ്റ്റ് നേതാവ് പി.വിശ്വംഭരന്റെ നിര്യാണത്തോടെ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളിലൊന്നിനെയാണ് നമുക്ക് നഷ്‌ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദേശത്തിൽ പറഞ്ഞു.

പ്രമുഖ സോഷ്യലിസ്റ്റും മുൻ എംപിയുമായ പി. വിശ്വംഭരന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അനുശോചിച്ചു. ജ്യേഷ്ഠ സഹോദരസ്‌ഥാനീയനായ അദ്ദേഹത്തിന്റെ ദേഹവിയോഗം വ്യക്‌തിപരമായി തനിക്കും തീരാനഷ്‌ടമാണെന്നും സുധീരൻ അനുസ്മരിച്ചു.സംസ്‌ഥാനത്ത് ഇടതുപക്ഷ പ്രസ്‌ഥാനത്തിന്റെ ധീരമായ മുന്നേറ്റത്തിനു ശക്‌തി പകർന്ന ആദ്യപഥികരിലെ മുന്നണിപ്പോരാളിയെയാണ് പി. വിശ്വംഭരന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


സോഷ്യലിസ്റ്റ് – ഇടതുപക്ഷ പ്രസ്‌ഥാനങ്ങൾ തമ്മിലെ ബന്ധം ദൃഢമാക്കുന്നതിന് അതുല്യ സംഭാവന നൽകിയ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്‌ഥാനത്തിന്റെ ചരിത്രപുരുഷനായിരുന്നു പി. വിശ്വംഭരനെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. എല്ലാ അർഥത്തിലും പി.വിശ്വംഭരൻ തികഞ്ഞ ഗാന്ധിയനായിരുന്നുവെന്ന് ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പി. വിശ്വംഭരന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.