കരുണ കാണിക്കാനുള്ള അവസരം കുട്ടികൾ പ്രയോജനപ്പെടുത്തണം: മാർ ജേക്കബ് മനത്തോടത്ത്
കരുണ കാണിക്കാനുള്ള അവസരം കുട്ടികൾ പ്രയോജനപ്പെടുത്തണം:  മാർ ജേക്കബ് മനത്തോടത്ത്
Friday, December 9, 2016 3:59 PM IST
വടക്കഞ്ചേരി: മറ്റുളളവരോടു കരുണ കാണിക്കാനുള്ള അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി പ്രായത്തിലും ജ്‌ഞാനത്തിലും മാത്രമല്ല ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും കുട്ടികൾ വളരണമെന്നു പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് ഉദ്ബോധിപ്പിച്ചു.

കേരള കത്തോലിക്ക വിദ്യാർഥി സഖ്യ (കെസിഎസ്എൽ) ത്തിന്റെ സംസ്‌ഥാനതല റാലിയും കാരുണ്യദൂത് സമാപനസമ്മേളനവും ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷവും ചെറുപുഷ്പം സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സന്ദേശം നല്കുകയായിരുന്നു ബിഷപ്.

കെസിഎസ്എൽ സംസ്‌ഥാന പ്രസിഡന്റ് കുര്യാച്ചൻ പുതുക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ഡയറക്ടർ ഫാ. തോംസൺ പഴയചിറപീടികയിൽ ആമുഖപ്രസംഗം നടത്തി.

രൂപത പ്രസിഡന്റ് കെ.ടി.ജോസഫ്, ഫൊറോനാവികാരി റവ.ഡോ. സേവ്യർ മാറാമറ്റം, പ്രിൻസിപ്പൽ സിസ്റ്റർ റോസ്ലിൻ മാത്യു, രൂപത ചെയർമാൻ ആൻഡ്രൂസ് ജോസ് പല്ലാട്ട്, ജനറൽ സെക്രട്ടറി ദിയ സുരേഷ് എന്നിവർ പ്രസംഗിച്ചു.രൂപത ഡയറക്ടർ ഫാ. ബിജു കുമ്മംകോട്ടിൽ സ്വാഗതവും ഓർഗനൈസർ സിസ്റ്റർ ജയിൻ നന്ദിയും പറഞ്ഞു.


ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച പ്രെയർ ഡാൻസോടെയായിരുന്നു പരിപാടികൾക്കു തുടക്കം.

കാഞ്ഞിരപ്പുഴ സെന്റ് തോമസ്, സെന്റ് തോമസ് ഒലവക്കോട്, കാണിക്കമാതാ, മണ്ണാർക്കാട് സെന്റ് ഡൊമിനിക്, സെന്റ് റാഫേൽ കത്തീഡ്രൽ, മംഗലംഡാം സെന്റ് സേവ്യേഴ്സ് തുടങ്ങിയ സ്കൂളുകളിൽനിന്നുള്ള സഖ്യാംഗങ്ങളുടെ വിവിധ കലാപരിപാടികളും സമ്മേളനത്തിനു മികവുകൂട്ടി.

കാൽനൂറ്റാണ്ടിലേറെക്കാലം രൂപത പ്രസിഡന്റായി സേവനം ചെയ്ത റിട്ട. അധ്യാപകനായ കെ.ടി.ജോസഫിനു യാത്രയയപ്പ് നല്കിയതോടൊപ്പം പൊന്നാട അണിയിച്ച് ആദരിച്ചു.

സിസ്റ്റർ ജൂലിയറ്റ് യാത്രാമംഗളം ആശംസിച്ചു. നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുത്ത റാലിയോടെയായിരുന്നു സമ്മേളനത്തിനു തുടക്കം.

നിശ്ചലദൃശ്യങ്ങളും വിവിധ സ്കൂളുകളിൽനിന്നുള്ള ബാൻഡ് വാദ്യവും പ്ലക്കാർഡുകളുമായി ആദ്യത്തെ വിദ്യാർഥിസംഘടനയായ സഖ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു ടൗണിലൂടെയുള്ള റാലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.