ഡിജിറ്റൽ ലിറ്ററസി കാംപയിനുമായി ബിജെപി
Friday, December 9, 2016 4:04 PM IST
കൊച്ചി: ബിജെപി സംസ്‌ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തുടനീളം ഡിജിറ്റൽ ലിറ്ററസി കാംപയിൻ നടത്തുമെന്നു ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി എല്ലാ നിയോജകമണ്ഡലങ്ങളിലും 100 വോളണ്ടിയർമാർ അടങ്ങുന്ന ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.

ബിജെപി സംസ്‌ഥാന സമിതിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നൽകിയ ടോൾ ഫ്രീ നമ്പറിലേക്ക് സംശയങ്ങൾ ചോദിച്ച് 60,000 കോളുകളാണ് വന്നത്.

രണ്ടാം ഘട്ടമെന്ന നിലയിൽ ഈ മാസം അവസാനത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും ഹെൽപ് ഡെസ്കുകൾ രൂപീകരിക്കും. ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളിലേക്കു വരെ സർക്കാരിന്റെ പദ്ധതികൾ എത്തിക്കുകയാണ് ലക്ഷ്യം.


സമ്പൂർണ ജനക്ഷേമ പദ്ധതികൾ ഉൾക്കൊള്ളിച്ച് വെബ്സൈറ്റ് തുടങ്ങാനും തീരുമാനമായിട്ടുണ്ട്. കേരളം 100 ശതമാനം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ബൂത്ത് തലങ്ങളിൽ ബിജെപി പ്രവർത്തകർ വീടുകളിലെത്തി ജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകും.

കേരള സർക്കാർ, പ്രത്യേകിച്ചും ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് കേന്ദ്രസർക്കാരിന്റെ പദ്ധതികൾക്കു പുറംതിരിഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളിൽ ആശങ്ക പരത്തി സഹകരണ മേഖല തകരുമെന്നാണ് ധനകാര്യ മന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.