സംസ്‌ഥാന കോൺഗ്രസിൽ തലമുറമാറ്റത്തിനു തുടക്കം
സംസ്‌ഥാന കോൺഗ്രസിൽ തലമുറമാറ്റത്തിനു തുടക്കം
Friday, December 9, 2016 4:22 PM IST
തിരുവനന്തപുരം: ഡിസിസി അധ്യക്ഷസ്‌ഥാനത്തേക്ക് പുതുമുഖങ്ങളെ എത്തിച്ചുകൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡ് സംസ്‌ഥാന കോൺഗ്രസിൽ ഒരു തലമുറ മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നു. ചില മുറുമുറുപ്പുകൾ ഗ്രൂപ്പുകൾക്കുള്ളിൽ ഉണ്ടെങ്കിലും അഴിച്ചു പണിയുടെ പേരിൽ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായില്ല എന്നതു ശ്രദ്ധേയമായ കാര്യമാണ്. ഈ തലമുറ മാറ്റം ഏതു തലം വരെ ഉണ്ടാകും എന്നതാണ് ഇനി ഉയരുന്ന ചോദ്യം.

നിലവിലുള്ള ഡിസിസി പ്രസിഡന്റുമാരെ ആരെയും നിലനിർത്താതെയാണ് പുനഃസംഘടന നടത്തിയത്. മാത്രമല്ല താരതമ്യേന ചെറുപ്പക്കാരെ പദവിയിലേക്ക് എത്തിക്കുന്നതിനും ഹൈക്കമാൻഡ് മടിച്ചില്ല. ഡിസിസി പ്രസിഡന്റുമാരുടെ ശരാശരി പ്രായം അമ്പതിൽ താഴെയാണ്. ഇതു സമീപകാലത്തൊന്നുമുണ്ടാകാത്ത കാര്യമാണ്.

ഗ്രുപ്പുകളുമായി അടുത്തുനിൽക്കുന്നവർ തന്നെയാണ് പുതിയ ഡിസിസി പ്രസിഡന്റുമാരും. ഐ ഗ്രൂപ്പിന് ഇക്കാര്യത്തിൽ നേട്ടവും എ ഗ്രൂപ്പിന് ക്ഷീണവുമുണ്ടായി എന്നതും സത്യമാണ്.

എന്നാൽ, ഗ്രൂപ്പ് പരിഗണനയല്ല പ്രസിഡന്റ് നിയമനത്തിനു പിന്നിലെ പ്രധാന ഘടകമായതെന്നതാണു വസ്തുത. ഹൈക്കമാൻഡ് കെട്ടിയിറക്കിയവർ സ്‌ഥാനങ്ങളിലേക്കെത്തിയെന്നും പറയാൻ സാധിക്കില്ല. കാരണം കേരളത്തിൽ നിന്നു പട്ടിക തയാറാക്കി വാങ്ങിയതിനു ശേഷമാണ് പ്രസിഡന്റുമാരെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. സാമുദായിക പ്രാതിനിധ്യം പാലിക്കാൻ ശ്രമിച്ചപ്പോൾ കഴിവുള്ളവരിൽ ചിലരെങ്കിലും പുറത്തായി എന്ന ആക്ഷേപമാണ് പ്രധാനമായും ഉയർന്നുവന്നിട്ടുള്ളത്.


പാർട്ടിയിൽ താരതമ്യേന ജൂണിയറായ പുതിയ നേതൃനിരയ്ക്ക് ഗ്രൂപ്പുകളെ ഒപ്പംനിർത്തി പ്രവർത്തനം നടത്താൻ സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ വെല്ലുവിളികൾ മറികടന്ന് പ്രവർത്തിച്ചു കഴിവു തെളിയിക്കുക എന്ന ദൗത്യമാണ് പുതിയ ഡിസിസി പ്രസിഡന്റുമാർക്കുള്ളത്. ഏതായാലും ഹൈക്കമാൻഡിന്റെ നീക്കത്തെ ഗുണപരമായി കാണുന്നവരാണധികവും.ഡിസിസികളുടെ പുനഃസംഘടനയാകും ഇനി നടക്കുക. നിലവിലുള്ള ജംബോ സമിതികൾ ഒഴിവാക്കി പുതിയ പ്രസിഡന്റുമാർക്ക് പ്രവർത്തിക്കുന്നതിനുതകുന്ന പുതിയ കമ്മിറ്റികൾ വൈകാതെ വരണം. പുതുമുഖങ്ങളെ കൂടുതലായി ഈ തലത്തിലേക്കും വിന്യസിക്കാനാണു സാധ്യത. അതിനു പിന്നാലെ താഴേത്തട്ടിലെ പുനഃസംഘടനയും നടക്കും.

കെപിസിസി തലത്തിൽ അഴിച്ചുപണി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും തീർച്ചയില്ല. സംഘടനാ തെരഞ്ഞെടുപ്പ് ഉടനടി നടക്കുന്നതിനുള്ള സാധ്യത തൽക്കാലമില്ല. അങ്ങനെ വരുമ്പോൾ നിലവിലുള്ള സംവിധാനം തുടരുമോ അതോ സംസ്‌ഥാനതലത്തിലും പുതിയ സംവിധാനം വരുമോ എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ലാത്ത സ്‌ഥിതിയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.