വിദ്യാഭ്യാസനിലവാരം സംരക്ഷിക്കാനുള്ള വ്യവസ്‌ഥകളിൽ മാറ്റം വരുത്തുന്നത് അനുവദിക്കാനാവില്ല: ഹൈക്കോടതി
വിദ്യാഭ്യാസനിലവാരം സംരക്ഷിക്കാനുള്ള വ്യവസ്‌ഥകളിൽ മാറ്റം വരുത്തുന്നത് അനുവദിക്കാനാവില്ല: ഹൈക്കോടതി
Friday, December 9, 2016 4:34 PM IST
കൊച്ചി: വിദ്യാഭ്യാസ നിലവാരം സംരക്ഷിക്കാനുള്ള വ്യവസ്‌ഥകളിൽ സാങ്കേതിക സർവകലാശാലകൾ ഉൾപ്പെടെയുള്ള സർവകലാശാലകൾ മാറ്റം വരുത്തുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാർഥികൾ ഓരോ സെമസ്റ്ററിലും നിശ്ചിത ക്രെഡിറ്റ് നേടിയിരിക്കണമെന്ന നിർദേശം സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം സംരക്ഷിക്കാനാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം നടപടികളിൽ ഇടപെടുന്നത് ഉചിതമല്ലെന്നും വിലയിരുത്തി.

സാങ്കേതിക സർവകലാശാലയിലെ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ കൊണ്ടുവന്ന ഓർഡിനൻസ് ശരിവച്ചാണു ഹൈക്കോടതിയുടെ ഉത്തരവ്. ബിടെക് രണ്ടാം സെമസ്റ്റർ വിദ്യാർഥികളിൽ മികവു കുറഞ്ഞവരെക്കൂടി മൂന്നാം സെമസ്റ്ററിലേക്കു പ്രവേശിപ്പിക്കാനാണ് ഓർഡിനൻസിനു വിരുദ്ധമായി വൈസ് ചാൻസലർ ഉത്തരവിറക്കിയതെന്നാണ് ഒരു ഹർജിക്കാരന്റെ ആക്ഷേപമെന്നു കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നാം സെമസ്റ്റർ പ്രവേശനത്തിനു 35 ക്രെഡിറ്റ് നേടിയിരിക്കണമെന്ന വ്യവസ്‌ഥ 26 ക്രെഡിറ്റ് മതിയെന്നു ഭേദഗതി ചെയ്താണു വി.സി സർക്കുലർ ഇറക്കിയത്. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുന്ന ഇത്തരം നടപടികളിൽനിന്നു സർവകലാശാല പിന്മാറണമെന്നു സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു.

ഓർഡിനൻസ് പാസാക്കിയാൽ അതിനു നിയമത്തിന്റെ പിന്തുണയുണ്ട്. ഓർഡിനൻസിനെ ഒരുത്തരവിലൂടെ മറികടക്കാൻ വൈസ് ചാൻസലർക്ക് അധികാരമില്ല. ഇത്തരത്തിൽ വിസി ഓർഡിനൻസിൽ ഇടപെടുന്നതു നിയമപരമല്ല. സർവകലാശാലയ്ക്കു വേണമെങ്കിൽ ഓർഡിനൻസ് നിയമപരമായി ഭേദഗതി ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോഴും വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുന്ന ഭേദഗതിയല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സാങ്കേതിക സർവകലാശാല ഉൾപ്പെടെയുള്ളവ കൂടുതൽ മികവു പുലർത്തേണ്ടതുണ്ടെന്നും ഇതിനുള്ള നടപടികൾ ആരംഭിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിക്കവേ സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനം പ്രാരംഭഘട്ടത്തിലാണെന്നും ബിടെക് മൂന്നാം സെമസ്റ്ററിൽ വിദ്യാർഥികൾക്കു പ്രവേശനം നൽകാൻ ഓർഡിനൻസിൽ ഇളവു വേണമെന്നും സർവകലാശാല ബോധിപ്പിച്ചു. ഈ വാദം കണക്കിലെടുത്ത് ഇത്തവണ ഇളവ് അനുവദിക്കുകയാണെന്നും എന്നാൽ ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.


മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായാണു സർവകലാശാല ക്രെഡിറ്റ് സമ്പ്രദായം ആവിഷ്കരിച്ചതെന്നും പെട്ടെന്നുണ്ടായ ഇത്തരം തീരുമാനം വിദ്യാർഥികളെ ബാധിക്കുമെന്നും ഒരു വിദ്യാർഥിയുടെ പിതാവ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. 2015 ജൂൺ 26നാണ് സർവകലാശാല ഓർഡിനൻസ് ഇറക്കിയതെന്നും ഹർജിക്കാരായ വിദ്യാർഥികൾക്ക് ഇതു സംബന്ധിച്ച അറിവ് ലഭിച്ചില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.