കാഴ്ചയുടെ പൂരത്തിനു തിരിതെളിഞ്ഞു
കാഴ്ചയുടെ പൂരത്തിനു തിരിതെളിഞ്ഞു
Friday, December 9, 2016 4:34 PM IST
തിരുവനന്തപുരം: കാഴ്ചയുടെ പൂരത്തിന് തലസ്‌ഥാന നഗരിയിൽ തിരിതെളിഞ്ഞു. ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.

അഭിനേത്രി അപർണ ബാലമുരളി മുഖ്യമന്ത്രിക്ക് ദീപം കൈമാറി. ചലച്ചിത്രമേളയുടെ 21 സുവർണ വർഷങ്ങളെ കുറിക്കുന്ന ഇരുപത്തിയൊന്ന് ചെരാതുകളിൽ വേദിയിലെ മറ്റു പ്രമുഖരും പ്രകാശനാളം പകർന്നു.

ലോകത്തിന്റെ ജാലകങ്ങളാണ് ചലച്ചിത്രങ്ങളെന്നും ഈ ചലച്ചിത്രമേള കേരളീയരുടെ സ്വകാര്യ അഭിമാനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മേള എല്ലാ വിഭാഗം കലാസ്നേഹികൾക്കും പ്രാപ്യമാണെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേളയിൽ വിശിഷ്‌ടാതിഥിയായി പങ്കെടുത്ത അഭിനേതാവും സംവിധായകനുമായ അമോൽ പലേക്കർ തന്റെ കേരളവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞത് സദസിന് ഹരം പകർന്നു.


ബാലു മഹേന്ദ്രയുടെ ഓളങ്ങൾ എന്ന സിനിമയിൽ പൂർണിമ ജയറാമിനും അംബികയ്ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.

ധനമന്ത്രി ഡോ. തോമസ് ഐസക് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. മേയർ പി.കെ. പ്രശാന്ത് ഏറ്റുവാങ്ങി. ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത ചെക്ക് സംവിധായകനായ ജിറിമെൻസിലിനു മുഖ്യമന്ത്രി സമ്മാനിച്ചു.

ഡോ. ശശി തരൂർ എംപി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് വി.കെ. മധു, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഫെസ്റ്റിവൽ ഡയറക്ടർ ബീനാ പോൾ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, നടി ഷീല, മാക്ട ചെയർമാൻ ലാൽ ജോസ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.