കുട്ടികളെ തട്ടിക്കൊണ്ടുപോകൽ: വ്യാജ വാർത്തകളെന്നു ഡിജിപി
കുട്ടികളെ തട്ടിക്കൊണ്ടുപോകൽ: വ്യാജ വാർത്തകളെന്നു ഡിജിപി
Saturday, December 10, 2016 3:17 PM IST
തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു വ്യാപകമാകുന്നുവെന്ന സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈടെക് സെല്ലിനും സൈബർ സെല്ലിനും നിർദേശം നൽകിയതായി സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം അടിസ്‌ഥാനരഹിതമാണ്. ഇത്തരം വാർത്തകളുടെ ഉറവിടം സംബന്ധിച്ചു പരിശോധിക്കാനാണു സൈബർ സെല്ലിനും ഹൈടെക് സെല്ലിനും നിർദേശം നൽകിയിട്ടുള്ളത്. ഡിജിപിക്കു പരാതി നൽകിയ നിഷാന എന്ന യുവതിക്കുള്ള മറുപടിയായാണു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെപ്പറ്റിയുള്ള നിരവധി വാർത്തകൾ ഈയിടെയായി വരുന്നുണ്ടെന്നും അതിൽ ഭയചകിതരും ഏറെ ആശങ്കാകുലരുമാണ് അമ്മമാരെന്നും ഇതിന്റെ നിജസ്‌ഥിതി അറിയിക്കണമെന്നുള്ള കണ്ണൂരിൽനിന്നുള്ള നിഷാനയുടെ സന്ദേശം സോഷ്യൽ മീഡിയയിൽ കണ്ടു. നിഷാനയോടും മറ്റ് അമ്മമാരോടും ആദ്യമേ പറയട്ടെ – ഇക്കാര്യത്തിൽ ഒട്ടും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഇത്തരം സംഭവങ്ങൾ സംബന്ധിച്ച വാർത്തകൾ വന്നപ്പോൾതന്നെ ഇതേക്കുറിച്ചു മലപ്പുറത്തും കണ്ണൂരിലും മറ്റു ജില്ലകളിലുമെല്ലാം എന്റെ നിർദേശ പ്രകാരം പോലീസ് വിശദമായി അന്വേഷണം നടത്തിയിരുന്നു. ഇത്തരത്തിൽ വരുന്ന പല വാർത്തകളും വസ്തുതാ വിരുദ്ധമോ അതിശയോക്‌തി കലർന്നതോ ആണെന്ന് അന്വേഷണത്തിൽ വ്യക്‌തമായത്. ഇത്തരം വാർത്തകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നിജസ്‌ഥിതി മനസിലാക്കാതെ ഈ വാർത്തകൾ ഷെയർ ചെയ്യരുതെന്നും അറിയിക്കുകയും ചെയ്തിരുന്നു.


തുടർന്നും ഇത്തരത്തിൽ വന്ന ചില വാർത്തകളിൽ പോലീസ് അന്വേഷിക്കുകയും അടിസ്‌ഥാനരഹിതമാണെന്നു കണ്ടെത്തുകയും ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു മുന്തിയ പരിഗണനയാണു സർക്കാരും പോലീസും നൽകുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ശക്‌തമായ നടപടി പോലീസ് ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. നഗരങ്ങളിൽ പിങ്ക് പട്രോൾ സംവിധാനം തിരുവനന്തപുരത്തും കൊച്ചിയിലും ആരംഭിച്ചത് കോഴിക്കോട്ടും കണ്ണൂരുംകൂടി ഉടൻതന്നെ നടപ്പിൽ വരും. ബസ് സ്റ്റോപ്പുകളിലും പൊതുസ്‌ഥലങ്ങളിലും വനിതാ പോലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പെടെ ബീറ്റ് സംവിധാനം, ഷാഡോ പോലീസ് നിരീക്ഷണം എന്നിവ നിലവിലുണ്ട്. ഇവ കൂടുതൽ ശക്‌തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ അന്വേഷിക്കാൻ സംസ്‌ഥാനതലത്തിൽ തൃശൂർ റൂറൽ എസ്പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നടപടി കൈക്കൊള്ളാൻ ജില്ലാ പോലീസ് തലത്തിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിസ്‌ഥാന രഹിതമായ വാർത്തകളിൽ ആശങ്കയോ ഭയമോ വേണ്ട. നിങ്ങൾക്കൊപ്പം ജാഗ്രതയോടെ പോലീസുണ്ട്.

ഏതെങ്കിലും സഹായത്തിനോ സംശയ നിവാരണത്തിനോ 1091 (വനിതാ ഹെൽപ്പ് ലൈൻ)/1090 (ക്രൈം സ്റ്റോപ്പർ)/1098 (ചൈൽഡ് ഹെൽപ്പ് ലൈൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.