പി. വിശ്വംഭരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
പി. വിശ്വംഭരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Saturday, December 10, 2016 3:17 PM IST
വിഴിഞ്ഞം: അവസാന ശ്വാസം വരെ സോഷ്യലിസ്റ്റ് ആശയങ്ങൾ ജീവിത വ്രതമാക്കിയ മുൻ എംപിയും സോഷ്യലിസ്റ്റ് നേതാവുമായ പി. വിശ്വംഭരന് (91) ആയിരങ്ങളുടെ അന്ത്യാഞ്ജലി. കോവളം വെള്ളാറിലെ വീട്ടിൽ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു.

വിശ്വംഭരന്റെ ആഗ്രഹപ്രകാരം മതാചാര പ്രകാരമുള്ള ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു അന്ത്യകർമങ്ങൾ നടത്തിയത്. കേരള പോലീസിന്റെ ഗാർഡ് ഓഫ് ഓണർ അടക്കമുള്ള ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മുൻ എംഎൽഎയും എംപിയുമായ വിശ്വംഭരന്റെ സംസ്കാര ചടങ്ങുകൾ. വീട്ടുവളപ്പിൽ ഒരുക്കിയ ചിതയ്ക്കു ഇന്നലെ വൈകുന്നേരം നാലോടെ സഹോദര പുത്രൻ അനിൽകുമാർ തീ കൊളുത്തി.

മന്ത്രിമാരായ മാത്യു ടി. തോമസ്, കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി, എംഎൽഎമാരായ സി. ദിവാകരൻ, എം. വിൻസന്റ്, കെ. കൃഷ്ണൻകുട്ടി, സി.കെ. നാണു, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, മുൻ മന്ത്രിമാരായ ഡോ. എ. നീലലോഹിത ദാസൻ നാടാർ, എം.ആർ. രഘുചന്ദ്രബാൽ, മുൻ സ്പീക്കർമാരായ എൻ. ശക്‌തൻ, എം. വിജയകുമാർ, മേയർ വി.കെ.പ്രശാന്ത്, ഡപ്യൂട്ടി മേയർ രാഖി രവികുമാർ, ഗാന്ധിയൻ വി. ഗോപിനാഥൻനായർ, ജില്ലാ കളക്ടർ വെങ്കിടേസപതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ തമ്പാനൂർ രവി, മനയത്ത് ചന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, തമ്പാൻ തോമസ്, ജമീലാ പ്രകാശം, നെയ്യാറ്റിൻകര സനൽ, ചാരുപാറ രവി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു വേണ്ടി എം. വിൻസന്റ് എംഎൽഎ പുഷ്പചക്രം അർപ്പിച്ചു. ദീപികയ്ക്കു വേണ്ടി റസിഡന്റ് മാനേജർ ഫാ.ജോൺ അരീക്കൽ പുഷ്പചക്രം അർപ്പിച്ചു.

ആദ്യ എൽഡിഎഫ് കൺവീനറായിരുന്ന പി.വിശ്വംഭരൻ (91) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. തിരു– കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു വിശ്വംഭരൻ. തുടർന്നു തിരുവനന്തപുരം മണ്ഡലത്തിൽനിന്നു ലോക്സഭാംഗമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.