ആകാശപ്പറവകളുടെ കൂട്ടുകാർ കാരുണ്യയുഗപ്രവേശനത്തിനു തുടക്കമിട്ടു
ആകാശപ്പറവകളുടെ കൂട്ടുകാർ കാരുണ്യയുഗപ്രവേശനത്തിനു തുടക്കമിട്ടു
Saturday, December 10, 2016 3:17 PM IST
കൊച്ചി: ആകാശപ്പറവകളുടെ കൂട്ടുകാർ (ഫ്രണ്ട്സ് ആൻഡ് ബേർഡ്സ് ഓഫ് ദ എയർ–എഫ്ബിഎ) എന്ന ജീവകാരുണ്യപ്രസ്‌ഥാനം കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ചു കാരുണ്യയുഗപ്രവേശനത്തിനു തുടക്കം കുറിച്ചു. മലയാറ്റൂരിലെ ആകാശപ്പറവകളുടെ ആശ്രമത്തിൽ നടന്ന ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാരുണ്യവർഷ സമാപനത്തിന്റെയും കാരുണ്യയുഗ പ്രവേശനത്തിന്റെയും പ്രഖ്യാപനം നിർവഹിച്ചു.

കാരുണ്യവർഷത്തിൽ ആരംഭിച്ച കാരുണ്യപ്രവർത്തനങ്ങൾക്കു വിശ്വാസതീക്ഷ്ണതയോടെ തുടർച്ചയുണ്ടാകണമെന്ന് കർദിനാൾ ഓർമിപ്പിച്ചു. വിശുദ്ധിയാണ് ഒരുവനെ വലിയവനാക്കുന്നത്. പ്രാർഥനയും തപസും വഴി വിശുദ്ധി നേടാനാകും. ക്ലേശങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. ആകാശപ്പറവകളുടെ കൂട്ടുകാർ സഭയോടു ചേർന്നുനിന്നു ചെയ്യുന്ന ശുശ്രൂഷകൾ മഹത്തരമാണ്. ഇനിയും ഈ ശുശ്രൂഷയ്ക്കു സഭയുടെ പൂർണപിന്തുണയുണ്ടാകുമെന്നും കർദിനാൾ പറഞ്ഞു.


ആകാശപ്പറവകളുടെ കൂട്ടുകാർ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപകൻ ഫാ. ജോർജ് കുറ്റിക്കൽ അധ്യക്ഷത വഹിച്ചു. മലയാറ്റൂർ പള്ളി വികാരി റവ. ഡോ. ജോൺ തേയ്ക്കാനത്ത്, എഫ്ബിഎ സംസ്‌ഥാന ഡയറക്ടർ ഫാ. മാത്യു തുണ്ടത്തിൽ, ലാലിച്ചൻ തഴയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

കാരുണ്യം ജീവിതശൈലിയാക്കി മാറ്റുന്ന സംസ്കാരം രൂപപ്പെടുത്തുന്നതിനു ജാതിമതവ്യത്യാസമില്ലാതെ പൊതുസമൂഹത്തെ ഉണർത്തുകയാണു കാരുണ്യയുഗപ്രവേശനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പതിന്നാല് ഇനം കർമപദ്ധതികൾക്കു പ്രസ്‌ഥാനം തുടക്കം കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.