റബർ ബോർഡ്: ചെയർമാൻ പദവിയിലേക്ക് ഇനി കേന്ദ്ര രാഷ്ട്രീയനിയമനം
Saturday, December 10, 2016 3:26 PM IST
കോട്ടയം: റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിലവിലെ ചെയർമാൻ എ. അജിത്കുമാർ നിയമിതനായതോടെ ചെയർമാൻ സ്‌ഥാനത്തേക്കു ബിജെപി കേന്ദ്രനേതൃത്വം നിശ്ചയിക്കുന്ന രാഷ്ട്രീയക്കാരൻ വൈകാതെ എത്തും.

എൻഡിഎ മുന്നണിയിലുള്ള ബിജെപി, ബിഡിജെഎസ്, പി.സി. തോമസ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് പാർട്ടികളിൽനിന്ന് ഒരാളാകും ചെയർമാനാവുക. രാഷ്ട്രീയക്കാരൻ ചെയർമാനായി വരുമ്പോൾ രണ്ടാമത്തെ പദവിയിലുള്ള എക്സിക്യൂട്ടീവ് ഡയറക്ടറാവും ദൈനംദിന ഓഫീസ് പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുക. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്‌ഥനായ റബർ പ്രൊഡക്ഷൻ കമ്മീഷണറുടെ തസ്തിക മൂന്നു വർഷമായി ഒഴിഞ്ഞു കിടക്കുകയാണ്.

ഐഎഎസുകാരൻ ചെയർമാൻ പദവിയിലിരിക്കണമെന്നു റബർ ബോർഡ് ചട്ടത്തിലില്ലാതിരിക്കെ രാഷ്ട്രീയക്കാരുടെ വരവി ൽ പുതുമയില്ലെന്നാണു റബർ ബോർഡ് വൃത്തങ്ങൾ പറയുന്നത്. മുൻപ് കോൺഗ്രസ് നേതാക്കളായ പ്രഫ. കെ.എം. ചാണ്ടി, പി.ജെ. തോമസ് തുടങ്ങിയവർ റബർ ബോർഡിന്റെ ചെയർമാൻമാരായിട്ടുണ്ട്. വൈസ് ചെയർമാൻ പദവിയിലും രാഷ്ട്രീയ നിയമനം തുടരും.


റബർ ബോർഡ് ആസ്‌ഥാനം ഗോഹട്ടിയിലേക്കു മാറ്റിയ ശേഷം വടക്കു കിഴക്കൻ മേഖലയിൽനിന്നുള്ള ബിജെപി നേതാക്കളിൽ ഒരാളെ റബർ ബോർഡ് ചെയർമാനാക്കാനുള്ള സാധ്യതയും തള്ളാനാവില്ല. ചെയർമാനായി ആരെത്തിയാലും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഉദാരമായ സാമ്പത്തിക സഹായവും പുതിയ പദ്ധതികളും ഉണ്ടാകുന്നില്ലെങ്കിൽ കർഷകർക്കു യാതൊരു നേട്ടവുമുണ്ടാകില്ല. ഹെക്ടറൊന്നിന് 25,000 എന്ന ക്രമത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ആവർത്തനകൃഷിസബ്സിഡി വിതരണം മുടങ്ങിയിട്ടു രണ്ടു വർഷമായി.

കൃഷി പരിശീലനം, ആർപിഎസുകളുടെ ശാക്‌തീകരണം എന്നിവയ്ക്കൊന്നും നൽകാൻ പണമില്ല. നിലവിലുള്ള ഫീൽഡ് ഓഫീസുകൾ പൂട്ടിയതല്ലാതെ പുതിയ നിയമനങ്ങളും നടക്കുന്നില്ല.

റബർ ബോർഡിനൊപ്പം കൊച്ചി ആസ്‌ഥാനമായ സ്പൈസസ് ബോർഡ്, കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് എന്നിവയിലും രാഷ്ട്രീയക്കാർ തലപ്പത്തെത്തും. കോൽക്കത്ത ആസ്‌ഥാനമായ ടീ ബോർഡ്, ബംഗളൂരു കേന്ദ്രമായ കോഫി ബോർഡ് തുടങ്ങിയവയിലും തലപ്പത്തേക്കു രാഷ്ട്രീയക്കാരാവും വരിക.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.