ഗുരുവായൂർ ഏകാദശി ദർശനപുണ്യം തേടി പതിനായിരങ്ങൾ
ഗുരുവായൂർ ഏകാദശി ദർശനപുണ്യം തേടി പതിനായിരങ്ങൾ
Saturday, December 10, 2016 3:26 PM IST
ഗുരുവായൂർ: ഏകാദശിപുണ്യം തേടി വ്രതശുദ്ധിയോടെ പതിനായിരങ്ങൾ ക്ഷേത്രസന്നിധിയിലെത്തി. ഒരുമാസമായി നടന്നുവന്നിരുന്ന വിളക്കാഘോഷങ്ങൾക്കു സമാപനം കുറിച്ച് ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമായിരുന്നു ഇന്നലെ.

ക്ഷേത്രത്തിൽ രാവിലെ നടന്ന കാഴ്ചശീവേലിക്കു ഗജരത്നം പത്മനാഭൻ സ്വർണക്കോലമേറ്റി. കൊമ്പൻമാരായ ദാമോദർദാസും വിഷ്ണുവും കൂട്ടാനകളായി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി.

രാവിലെ പാർഥസാരഥി ക്ഷേത്രത്തിലേക്കു നടന്ന എഴുന്നള്ളിപ്പിനു വൈക്കം ചന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പിനു ഗുരുവായൂർ മുരളിയുടെ നാദസ്വരമുണ്ടായി.

ദശമി ദിവസം തുടങ്ങിയ ഭക്‌തനത്തിരക്ക് ഏകാദശിയോടെ പാരമ്യത്തിലെത്തി. ദർശനത്തിനായി മണിക്കൂറുകളോളം ഭക്‌തർക്കു വരിയിൽ നിൽക്കേണ്ടി വന്നു.

ഏകാദശി വ്രതം എടുക്കുന്നവർക്കായി അന്നലക്ഷ്മി ഹാളിലും പ്രത്യേകം തയാറാക്കിയ പന്തലിലും പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഊട്ട് രാവിലെ ഒമ്പതിനാരംഭിച്ചു. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയത്. ബുഫെ സംവിധാനത്തിലായിരുന്നു പ്രസാദ ഊട്ട.് പ്രസാദഊട്ടിനുള്ള വരി കിഴക്കേനടവരെ നീണ്ടു. 35000ത്തോളം പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തു.

സന്ധ്യക്കു നാമജപ ഘോഷയാത്ര പാർഥസാരഥി ക്ഷേത്രത്തിലെത്തി സമാപിച്ചു. പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് രഥം എഴുന്നള്ളത്തുമുണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിനു ഗജരത്നം പത്മനാഭൻ സ്വർണക്കോലമേറ്റി തങ്കത്തിടമ്പെഴുന്നള്ളിച്ചു. കൊമ്പൻ വലിയകേശവൻ, ഇന്ദ്രസെൻ എന്നിവർ കൂട്ടാനകളായി.

ദശമി ദിവസം പുലർച്ചെ തുറന്ന ക്ഷേത്രനട ഇന്നു രാവിലെ എട്ടിന് അടയ്ക്കും. വൈകീട്ട് 3.30നാണ് പിന്നീട് തുറക്കുക. ക്ഷേത്രത്തിലും പരിസരത്തും തിരക്ക് നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹമാണ് എത്തിയത്. പോലീസിനു പുറമെ എൻസിസി, സ്കൗട്ട് എന്നിവരും തിരക്ക് നിയന്ത്രിക്കാനുണ്ടായിരുന്നു.


പ്രസാദ ഊട്ടിൽ 35000 പേർ പങ്കെടുത്തു

ഗുരുവായൂർ: ഏകാദശി ആഘോഷത്തിനെത്തിയവരെക്കൊണ്ട് ക്ഷേത്രനഗരം ഭക്‌തജനസാഗരമായി. ദർശനത്തിനു കിഴക്കേനടയിലൂടെയുള്ള പ്രധാന വരി തെക്കേനടപ്പുരയിൽ ചുറ്റിവളഞ്ഞ നിലയിലായിരുന്നു. അഞ്ചും ആറും മണിക്കൂറുകൾ വരിനിന്നാണ് പലർക്കും ദർശനം നടത്താനായത്.

വരിയിൽ നിൽക്കുന്നവർക്കു സന്നദ്ധ സംഘടനകളുടെ കുടിവെള്ള വിതരണവും സംഭാര വിതരണവും ആശ്വാസമായി. പ്രസാദ ഊട്ടിനുള്ള വരി വടക്കേനടയിലൂടെ ഇന്നർ റിംഗ് റോഡ് വഴി കിഴക്കേനടയിലെത്തി. ഇന്നർ റിംഗ് റോഡിൽ വാഹനഗതാഗതം സാധിക്കാത്ത വിധമായിരുന്നു ഭക്‌തജനത്തിരക്ക്.

രാവിലെ 9.30ന് ആരംഭിച്ച പ്രസാദഊട്ട് ഉച്ചതിരിഞ്ഞു മൂന്നുവരെ നീണ്ടു. ദശമി ദിവസമായ വെള്ളിയാഴ്ച രാത്രി ആരംഭിച്ച തിരക്ക് ഏകാദശി ദിവസമായ ഇന്നലെ രാവിലെ മുതൽ വർധിച്ചു.

രാത്രിയായതോടെ പടിഞ്ഞാറെ നട മുതൽ മഞ്ജുളാൽ വരെ നടക്കാൻ കഴിയാത്ത വിധമായിരുന്നു തിരക്ക്. ഭക്‌തജനങ്ങളും ഏകാദശി കാണാനെത്തിയവരുമെല്ലാമായി ക്ഷേത്രനഗരത്തിലെ തിരക്ക് നിയന്ത്രണാതീതമായി.

മധ്യമേഖല ഐജി എം.ആർ. അജിത്കുമാർ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനെത്തി. എസിപി പി.എ. ശിവദാസ്, സിഐ എൻ. രാജേഷ്കുമാർ എന്നിവർ സുരക്ഷാക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. പോലീസിനും ദേവസ്വം സെക്യൂരിറ്റി എൻസിസി എന്നിവർക്കു തിരക്ക് നിയന്ത്രിക്കാൻ ഏറെ പാടുപെടേണ്ടിവന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.