ശമ്പളം മുടങ്ങി; കെഎസ്ആർടിസി ജീവനക്കാർ 23നു പണിമുടക്കും
ശമ്പളം മുടങ്ങി; കെഎസ്ആർടിസി ജീവനക്കാർ 23നു പണിമുടക്കും
Saturday, December 10, 2016 3:26 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ചു ടിഡിഎഫിന്റെ നേതൃത്വത്തിൽ 23ന് ജീവനക്കാർ പണിമുടക്കും. ഇതേ ആവശ്യമുന്നയിച്ച് 13 മുതൽ തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് ഭവനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. തലസ്‌ഥാന ജില്ലയ്ക്കു പുറത്തുള്ള എല്ലാ യൂണിറ്റുകൾക്കു മുന്നിൽ ജീവനക്കാർ സത്യാഗ്രഹം നടത്തും. ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് ടിഡിഎഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് മുതൽ സമരത്തിലാണ്. എട്ടിനു കരിദിനമായി ആചരിക്കുകയും ചെയ്തു. സമരം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് 23ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ കടബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്നും പെൻഷനും ശമ്പളവും മുടങ്ങാതെ കൃത്യമായി നൽകണമെന്നും പ്രകടനപത്രികയിലൂടെ ഉറപ്പു നൽകി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ കഴിഞ്ഞ ഏഴു മാസവും പെൻഷൻ വൈകിച്ചു. യുഡിഎഫ് ഭരണകാലത്ത് കൃത്യമായി നൽകിവന്ന ശമ്പളം അഞ്ച് മാസം വൈകിയാണു ജീവനക്കാർക്ക് ലഭിച്ചത്. ഇപ്പോൾ ശമ്പളവും പെൻഷനും അനിശ്ചിതത്തിലായിരിക്കുന്നു. ശമ്പളപരിഷ്കരണം നിഷേധിക്കുന്നതിനും സുശീൽ ഖന്ന റിപ്പോർട്ട് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനും വേണ്ടി സർക്കാർ മനഃപൂർവം നടത്തുന്ന നാടകമാണിതെന്നു ടിഡിഎഫ് കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റിൽ 300 കോടി സിഎൻജിയിലേക്ക് മാറ്റുന്നതിനും 200 കോടി പ്ലാൻ ഫണ്ടിലും കെഎസ്ആർടിസിക്ക് പ്രഖ്യാപിച്ചു കൈയടി വാങ്ങിയ ധനമന്ത്രി കോപറേഷൻ ആവശ്യപ്പെട്ടിട്ടും അതിൽനിന്നും ഒരു രൂപ പോലും നൽകിയിട്ടില്ല. കോർപറേഷന്റെ വസ്തുക്കൾ വിറ്റു തുലയ്ക്കുന്നതിനും അമിതമായ അധ്വാനഭാരം അടിച്ചേൽപ്പിക്കാനും താത്കാലിക ജീവനക്കാരെ പിരിച്ചു വിടാനും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ ആസൂത്രിതമായ നീക്കം ഉപേക്ഷിക്കണം.


വകുപ്പ് മന്ത്രി കെഎസ്ആർടിസിയിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നില്ല. വകുപ്പു നാഥനില്ലാ ക്കളരിയായി മാറി. ജീവനക്കാരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു സമരപരിപാടികൾ ശക്‌തമാക്കുമെന്ന് ടിഡിഎഫ് പ്രസിഡന്റ് തമ്പാനൂർ രവിയുടെ അധ്യക്ഷതയിൽ കൂടിയ സംസ്‌ഥാന സമിതി യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.