രാജ്യാന്തര ചലച്ചിത്രമേളയിൽ ജഗതി ശ്രീകുമാറിനു വരവേൽപ്പ്
രാജ്യാന്തര ചലച്ചിത്രമേളയിൽ ജഗതി ശ്രീകുമാറിനു വരവേൽപ്പ്
Saturday, December 10, 2016 9:09 PM IST
തിരുവനന്തപുരം: അവശതകൾ മറന്ന് രാജ്യാന്തരചലച്ചിത്രമേളയുടെ വേദിയിലെത്തിയ മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് സിനിമപ്രേമികളുടെ ഹൃദ്യമായ വരവേൽപ്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഡിസൈനേഴ്സ് ആറ്റിക് എന്ന പേരിൽ ടാഗോർ തിയറ്ററിൽ ആരംഭിച്ച മലയാള സിനിമയുടെ പ്രചാരണ ചരിത്രത്തിന്റെ പ്രദർശനം ഉദ്ഘാടനം ചെയ്യാനാണു ജഗതിയെത്തിയത്.

കാറപകടത്തെത്തുടർന്ന് ഏറെനാളമായി വീട്ടിൽ വിശ്രമത്തിലായിരുന്ന ജഗതി മേളയിൽ എത്തുമെന്നറിഞ്ഞ് പ്രതിനിധികളുൾപ്പെടെ നിരവധിപേർ അദ്ദേഹത്തെ കാണാൻ ടാഗോർ തിയറ്ററിൽ കാത്തു നിന്നിരുന്നു. ആകാംക്ഷയ്ക്കും കാത്തിരിപ്പിനും ഒടുവിൽ ജഗതിയെത്തിയപ്പോൾ സിനിമാസ്വാദകർ വാഹനത്തിനു ചുറ്റുംകൂടി. ആരാധകരെ കണ്ടതോടെ ജഗതിയുടെ ചുണ്ടിൽ ചിരിവിരിഞ്ഞു. ഇതിനിടയിൽ ചിലർ താരത്തിന് കൈകൊടുത്തപ്പോൾ നിറഞ്ഞ ചിരിയായിരുന്നു എല്ലാവർക്കും ജഗതിയുടെ മറുപടി.

ജഗതിക്കൊപ്പം ദീർഘനാൾ പ്രവർത്തിച്ച സിനിമയിലെ സഹപ്രവർത്തകർ സ്നേഹാന്വേഷണവുമായി ഒപ്പം കൂടി. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിനു ഔപചാരിക സ്വീകരണം നൽകി. വീൽചെയറിന്റെ സഹായത്തോടെ വേദിയിലെത്തിയ ജഗതി മലയാള സിനിമയുടെ പ്രചാരണ ചരിത്രം വിവരിക്കുന്ന ദൃശ്യാവിഷ്കാരത്തിന്റെ ഉദ്ഘാടനം നടി ഷീലയോടൊപ്പം നിർവഹിച്ചു. ഇതിനുശേഷം അൽപനേരം ദൃശ്യാവിഷ്കാരം കണ്ടു.


പഴയകാല നോട്ടീസുകൾ, ആദ്യകാല സിനിമാ പോസ്റ്ററുകൾ, പാട്ടു പുസ്തകങ്ങൾ തുടങ്ങിയവയും പുതിയകാല പരസ്യ സങ്കേതങ്ങളും കൂട്ടിചേർത്താണു ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ലിജിൻ ജോസ്, റാസി എന്നിവരാണ് ഈ ആശയത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത്. മനു, അൽത്താഫ് എന്നിവരുടേതാണ് അപൂർവമായ സിനിമാചരിത്ര രേഖകൾ. ചടങ്ങിൽ പ്രചാരണരംഗത്തെ കലാകാരന്മാരെ ഉപഹാരം നൽകി ആദരിച്ചു. സംവിധായകരായ ഐ.വി ശശി, ലാൽജോസ്, പി.ടി കുഞ്ഞുമുഹമ്മദ്, ടി.വി ചന്ദ്രൻ, സിബി മലയിൽ, ശ്യാമപ്രസാദ്, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.