കാലിക്കട്ട് സിന്‍ഡിക്കറ്റ് : തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയ ഉത്തരവ് ശരിവച്ചു
Wednesday, January 11, 2017 2:54 PM IST
കൊച്ചി: കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ നിന്ന് മുന്‍ എംഎല്‍എ ടി.എന്‍. പ്രതാപന്‍ ഒഴിഞ്ഞതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പു നടത്താന്‍ സര്‍വകലാശാല പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.

സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍ വോട്ടു ചെയ്താണ് സിന്‍ഡിക്കറ്റംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. സര്‍വകലാശാലയില്‍ 109 സെനറ്റംഗങ്ങളുണ്ടാകണമെന്നാണ് ചട്ടമെങ്കിലും 78 അംഗങ്ങള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ സെനറ്റ് അംഗങ്ങളുള്‍പ്പെട്ട വോട്ടര്‍ പട്ടിക പൂര്‍ത്തിയാകാതെ തെരഞ്ഞെടുപ്പു നടത്തുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണു സിംഗിള്‍ ബെഞ്ച് വിജ്ഞാപനം റദ്ദാക്കിയത്. എന്നാല്‍ നിലവില്‍ സെനറ്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങള്‍ ഉള്ള സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു നടത്തുന്നതില്‍ അപാകതയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിനെ പൊതു തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളുമായി താരതമ്യപ്പെടുത്തേണെ്ടന്നു വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ജനപ്രാതിനിധ്യ നിയമം പോലെയല്ല സര്‍വകലാശാല ചട്ടമെന്നും സെനറ്റ് അംഗങ്ങളുടെ പട്ടിക പൂര്‍ത്തിയാക്കാതെ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി അപ്പീല്‍ തള്ളുകയായിരുന്നു.


വിജ്ഞാപനം റദ്ദാക്കിയതിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.