സിലിക്കണ്‍ വാലി പരിശീലനം: എസ്വി ഡോട്ട് കോയുടെ ആദ്യ ബാച്ച് തയാര്‍
Wednesday, January 11, 2017 2:54 PM IST
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ സ്റ്റുഡന്റ് ഇന്‍കുബേറ്ററും കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ഡിജിറ്റല്‍ പതിപ്പുമായ എസ്വി ഡോട്ട് കോ സിലിക്കണ്‍ വാലിയിലെ ആറു മാസ പരിശീലന പരിപാടിക്കായി 32 ടീമുകള്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചിനെ തെരഞ്ഞെടുത്തു. നാലു മാസമായി നടന്ന പ്രവേശന പ്രക്രിയയില്‍ 24 സംസ്ഥാനങ്ങളിലെ 226 സര്‍വകലാശാലകളില്‍ നിന്നുള്ള പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് 2,326 ടീമുകളിലായി പങ്കെടുത്തത്.

22 ടീമുകള്‍ യോഗ്യത നേടിയപ്പോള്‍ കേരളമാണ് ടീമുകളുടെ എണ്ണത്തില്‍ മുന്നില്‍.
32 ടീമുകളും ആറു മാസത്തെ ഓണ്‍ലൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും പുതിയ ഒരു ആശയം തെരഞ്ഞെടുത്തു പ്രവര്‍ത്തനരൂപം നല്‍കുകയും ചെയ്യും. പ്രഥമ മാതൃക രൂപപ്പെടുത്തിയ ശേഷം അന്തിമരൂപം സിലിക്കണ്‍ വാലിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് അവതരിപ്പിക്കും.

ആകെ അപേക്ഷകളുടെ ഒരു ശതമാനം മാത്രമാണ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്‍പ്പെട്ടത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ഡല്‍ഹി എന്നിയാണു കേരളത്തിനു തൊട്ടുപിന്നില്‍. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ വര്‍ഷം ജൂണിലാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ്, ഡിജിറ്റല്‍ പതിപ്പിനു തുടക്കമിട്ടത്.


ആഗോളതലത്തില്‍ നമ്മുടെ യുവാക്കളുടെ മികവു തെളിയിക്കാനുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണമാണു മുന്നിലെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ലോകോത്തര എന്‍ജിനിയര്‍മാരാകാന്‍ ലക്ഷ്യമിടുന്ന 135 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഈ പരീക്ഷണം വിജയമായാല്‍ സംരംഭകത്വത്തോടുള്ള യുവാക്കളുടെ സമീപനത്തില്‍ വരുന്ന മാറ്റം കോളജ് കാന്പസുകളില്‍ ദൃശ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം, തമിഴ്‌നാട്, ആന്ധ്ര, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇടത്തരം പട്ടണങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു പോലും ലോകോത്തര നിലവാരത്തിലുള്ള പഠനത്തിനും സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായുള്ള സംവാദത്തിനും അവസരം കൈവരുന്നത് സന്തോഷകരമാണെന്ന് എസ്വി ഡോട്ട് കോ പ്രവേശന വകുപ്പിന്റെ മേധാവി സിദ്ധാര്‍ഥ് റാം വ്യക്തമാക്കി. ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ജേതാക്കള്‍ മുതല്‍ െഡവലപ്പര്‍മാര്‍ വരെയുള്ളതാണ് ആദ്യ ബാച്ചെന്നും സിദ്ധാര്‍ഥ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.