വരള്‍ച്ച: ആവശ്യമായ വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിനു കിയോസ്‌കുകള്‍ സ്ഥാപിക്കും
Wednesday, January 11, 2017 2:54 PM IST
തിരുവനന്തപുരം: വരള്‍ച്ച തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കുടിവെള്ള വിതരണത്തിനായി ആവശ്യമായ സ്ഥലങ്ങളില്‍ കിയോസ്‌കുകകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭയുടെ അനുമതി. ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നതിനു പകരം രണേ്ടാ മൂന്നോ വാര്‍ഡുകള്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിരം കിയോസ്‌കുകള്‍ സ്ഥാപിച്ചു കുടിവെള്ളം വിതരണം ചെയ്യുന്നതാണു പദ്ധതി.

കിയോസ്‌കുകളില്‍ നിറയ്ക്കുന്ന വെള്ളം ആ പ്രദേശത്തെ ജനങ്ങള്‍ക്കു വിതരണം ചെയ്യും. കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ടാങ്കുകള്‍ വാങ്ങാന്‍ ആവശ്യമായ തുക ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഫണ്ടില്‍ നിന്നു നല്‍കും. ജില്ലാ കളക്ടര്‍മാര്‍ വഴിയാകും ഇതിനുള്ള ജില്ലാ തല അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇതിനാവശ്യമായി എല്ലാ നടപടിയും സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിര്‍ദേശം നല്‍കിയിരുന്നു. ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ടാങ്കര്‍ ലോറികള്‍ ഒഴിവാക്കി കിയോസ്‌കുകള്‍ വഴിയായിരുന്നു കുടിവെള്ള വിതരണം. ഇതു സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണു തീരുമാനം.


ഇതോടൊപ്പം വരള്‍ച്ചാ മുന്നൊരുക്ക പദ്ധതിയില്‍ പെടുത്തി കുഴല്‍ക്കിണറുകളുടെ ഹാന്‍ഡ് പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനായി ജല വിഭവ വകുപ്പു സമര്‍പ്പിച്ച പദ്ധതികളുടെ എസ്റ്റിമേറ്റ് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു. ജലവിഭവ വകുപ്പു തയാറാക്കിയ 12.5 കോടി രൂപയുടെ പദ്ധതി നിലവില്‍ ധന വകുപ്പിന്റെ പരിഗണനയിലാണ്.

ആലപ്പുഴ ജില്ലയിലെ 13 പഞ്ചായത്തുകളിലേയും നഗരസഭയിലേയും കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.