ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണെ്ടത്തി
Wednesday, January 11, 2017 2:54 PM IST
പാലാ: ഗൃഹ നാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണെ്ടത്തി. മരണവിവരം അയല്‍വാസികള്‍ അറിഞ്ഞത് നാലുദിവസത്തിനു ശേഷം. അരുണാപുരം ഗീതാഞ്ജലിയില്‍ (പാവത്തുങ്കല്‍) സാബു (43) വിനെയാണ് മരിച്ച നിലയില്‍ കണെ്ടത്തിയത്.

വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് പ്രാഥമിക സൂചനകളെന്ന് പോലീസ് പറഞ്ഞു. റോഡ് വികസനത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്നതില്‍ മനോവിഷമം മൂലം ജീവനൊടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. പാലാ പാരലല്‍ റോഡ് വികസനത്തിന്റെ ഭാഗമായി സാബുവിന്റെ കുടുംബവീട് സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ സാബുവും സഹോദരന്‍മാരും കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസിന്റെ വിധി ഇവര്‍ക്ക് പ്രതികൂലമായിരുന്നു.

നാലു ദിവസമായി സാബുവിനെ പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ സഹോദരാരെ വിവരം അറിയിച്ചു. ജ്യേഷ്ഠന്‍ സലിം അരുണാപുരത്തെ വീടിന്റെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സാബുവിന്റെ മൃതദേഹം കണെ്ടത്തിയത്. പാലാ സിഐ ബാബു സെബാസ്റ്റ്യന്‍, എസ്‌ഐ അനൂപ് നാഥ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. പരേതന്‍ അവിവാഹിതനാണ്.


പൂവത്തിങ്കല്‍ പരേതരായ ലക്ഷമിമാധവന്‍ ദന്പതിമാരുടെ ഇളയമകനാണ് സാബു. സഹോദരങ്ങള്‍: പ്രതാപന്‍ (എറണാകുളം), സലിം (കൊല്ലം), സാജന്‍ (എറണാകുളം). കോട്ടയത്തുനിന്നും ഫോറന്‍സിക് വിദഗ്ധരും പാലായില്‍ നിന്ന് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.