സിഎസ്‌ഐ സിനഡ് 14 മുതല്‍ കോട്ടയത്ത്
Wednesday, January 11, 2017 2:54 PM IST
കോട്ടയം: സിഎസ്‌ഐ സഭയുടെ അധ്യക്ഷനെയും അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കുന്ന സിനഡ് സമ്മേളനം 14നു കോട്ടയത്തു തുടങ്ങും. 17നു സമാപിക്കും. ചാലുകുന്ന് സിഎസ്‌ഐ റിട്രീറ്റ് സെന്ററാണ് സമ്മേളനത്തിന്റെ മുഖ്യവേദി. കേരളം, തമിഴ്‌നാട്, സീമാന്ധ്ര, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും ശ്രീലങ്കയിലെ ജാഫ്‌നയിലുമായി 24 മഹായിടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ക്കു പുറമേ വിദേശസഭകളില്‍നിന്നും പങ്കാളിത്ത സഭകളില്‍നിന്നുള്ള ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 500 അംഗങ്ങളാണ് പങ്കെടുക്കുക.


മോഡറേറ്റര്‍ റവ.ഡോ. ജി ദൈവാശീര്‍വാദം, ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍, ജനറല്‍ സെക്രട്ടറി റവ.ഡോ. ഡാനിയേല്‍ രത്‌നാകര്‍ സദാനന്ദ, ട്രഷറര്‍ റോബര്‍ട്ട് ബ്രൂസ് എന്നിവര്‍ നേതൃത്വം നല്‍കും. 14നു രാവിലെ 9.30നു വേള്‍ഡ് കമ്യൂണിയന്‍ ഓഫ് റിഫോംഡ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി റവ. ക്രിസ്റ്റഫര്‍ ഫെര്‍ഗ്യൂസന്‍ സിനഡ് ഉദ്ഘാടനം നടത്തും. 16നു വൈകുന്നേരം ആറിനുതിരുനക്കര മൈതാനത്തു പ്രതിനിധികള്‍ക്കു പൗരസ്വീകരണം നല്‍കും.