മാവോയിസ്റ്റ് അനുകൂല യോഗം: അന്തിമവാദം നാളെ തുടരും
Wednesday, January 11, 2017 3:05 PM IST
കൊച്ചി: മാവോയിസ്റ്റ് അനുകൂല സംഘടനയായ റവല്യൂഷണലി ഡെമോക്രാറ്റിക് ഫ്രണ്ട് (ആര്‍ഡിഎഫ്) മാവേലിക്കരയില്‍ യോഗം സംഘടിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം ആരംഭിച്ച അന്തിമവാദം നാളെ തുടരും. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണു കേസ് വിചാരണ ചെയ്യുന്നത്.

മാവേലിക്കര മാങ്കാംകുഴി കരിവേലില്‍ രാജേഷ് ഭവനത്തില്‍ രാജേഷ് (37), കല്‍പാക്കം ഇന്ദിരാഗാന്ധി അറ്റോമിക് റിസര്‍ച്ച് സെന്ററിലെ റിട്ടയേഡ് സയന്റിസ്റ്റ് ചെന്നൈ രാജാക്കില്‍പാക്കം ഗോപാല്‍ (55), കൊല്ലം മയ്യകപ്പുഴ ദേവരാജന്‍ (53), ചിറയിന്‍കീഴ് ഞാറയില്‍ക്കോണം ചരുവിള ബാഹുലേയന്‍ (53), മൂവാറ്റുപുഴ സ്വദേശി അജയന്‍ മണ്ണൂര്‍ എന്നിവരാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ വിചാരണ നേരിട്ടത്.


2012 ഡിസംബര്‍ 29 നാണു മാവേലിക്കര ചെറുമഠം ലോഡ്ജില്‍ മാവോയിസ്റ്റ്് അനുകൂല യോഗം നടത്തിയെന്നാരോപിച്ച് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് അനുകൂല സമീപനമുള്ള ആര്‍ഡിഎഫിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് രഹസ്യ യോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും പങ്കെടുത്തെങ്കിലും ഇവരെ ഒഴിവാക്കിയാണ് വിചാരണ നടപടികളിലേക്കു കടന്നത്.

പ്രതികള്‍ക്കെതിരേ ഗൂഢാലോചന, രാജ്യദ്രോഹം, യുഎപിഎ 10, 13, 38, 39 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണുള്ളത്. ആദ്യം കേസില്‍ പ്രതിയായിരുന്ന ഷിയാസ് എന്നയാളെ മാപ്പുസാക്ഷിയാക്കിയാണ് എന്‍ഐഎ വിചാരണ നടത്തിയത്.