മകരവിളക്കിന് ആനയെഴുന്നെള്ളത്ത് വേണെ്ടന്ന ഉത്തരവിനെതിരേ ഹര്‍ജി
Wednesday, January 11, 2017 3:05 PM IST
കൊച്ചി: മകരവിളക്ക് ഉത്സവത്തിന് ആനയെഴുന്നെള്ളത്ത് വേണെ്ട ന്ന ഹൈക്കോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ടു പന്തളം കൊട്ടാര നിര്‍വാഹക സംഘവും രേവതിനാള്‍ രാമവര്‍മരാജയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

മകരവിളക്കിനോടനുബന്ധിച്ചു പതിനെട്ടാംപടിയുടെ താഴെ പന്തളം രാജകൊട്ടാരത്തിലെ പ്രതിനിധിയെ സ്വീകരിക്കുന്ന ചടങ്ങിലുള്‍പ്പെടെ ആന വേണമെന്നുണ്ട്.

ഇതിനാല്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നാണു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

പന്തളം കൊട്ടാരത്തിലെ പ്രതിനിധികളുടെ അഭിപ്രായം ആരായാതെയാണു ഡിവിഷന്‍ ബെഞ്ച് ഈ തീരുമാനമെടുത്തതെന്നും തങ്ങളുടെ അഭിപ്രായം കൂടി കേട്ടിരുന്നെങ്കില്‍ ഇത്തരമൊരു തീര്‍പ്പ് ഉണ്ടാകുമായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.


കഴിഞ്ഞ മകരവിളക്ക് സീസണില്‍ ആനയിടഞ്ഞ് ഒരു വയോധിക മരിച്ചതിനെത്തുടര്‍ന്നു ഡിവിഷന്‍ ബെഞ്ച് സ്വമേധയാ എടുത്ത കേസില്‍ ക്ഷേത്രം തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്നാണ് ആനയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. അതേസമയം വാര്‍ഷിക ഉത്സവത്തിന് ഒരാനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട ്.