ജിഷ വധക്കേസില്‍ എഫ്‌ഐആര്‍ നിയമപ്രകാരമല്ലെന്നു ഹര്‍ജി
Wednesday, January 11, 2017 3:05 PM IST
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതു നിയമപ്രകാരമല്ലെന്നും ഈ പോരായ്മ പരിഹരിച്ചു കേസില്‍ സിബിഐ അന്വേഷണ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് എടയാര്‍ ബിനാനിപുരം സ്വദേശി എസ്.ജി. ഡേവിസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കേസിന്റെ കുറ്റപത്രത്തിലെ സാക്ഷിയായ പി.കെ. അനസിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണു പോലീസ് ജിഷ വധക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ജിഷയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുക്കേണ്ട ിയിരുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. അനസിന്റെ മൊഴി കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള ചില മൊഴികള്‍ക്കു വിരുദ്ധമാണ്. നിലവിലെ സാഹചര്യത്തില്‍ വിചാരണ തുടങ്ങിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു.


ജിഷ വധക്കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമാണു നിലവിലെ അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ഇതനുവദിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. നിലവിലെ എഫ്‌ഐആറിലെ പോരായ്മകള്‍ പരിഹരിച്ചു ജിഷ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ കേസിന്റെ വിചാരണാ നടപടികള്‍ നിറുത്തിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട ്.