ഒന്നര പതിറ്റാണ്ടിനു ശേഷം അജയന്‍ വീണ്ടും കേട്ടു, അമ്മയുടെ ശബ്ദം
ഒന്നര പതിറ്റാണ്ടിനു ശേഷം അജയന്‍ വീണ്ടും കേട്ടു, അമ്മയുടെ ശബ്ദം
Wednesday, January 11, 2017 3:05 PM IST
ആലപ്പുഴ:കേള്‍വിയുടെ ലോകത്തുനിന്ന് ഒന്നരപതിറ്റാണ്ടു മുമ്പു പുറത്തായ അജയന്‍ നീണ്ട ഒരിടവേളയ്ക്കുശേഷം വീണ്ടും കേട്ടു, അമ്മയുടെ ശബ്ദം. ആലപ്പുഴ തെക്കനാര്യാട് പുത്തന്‍പുരയ്ക്കല്‍ രാജപ്പന്റെയും സുശീലയുടെയും ഇളയമകനായ അജയനാണു വര്‍ഷങ്ങളുടെ ചികിത്സയ്‌ക്കൊടുവില്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ നടത്തിയ കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറിയിലൂടെയാണു ശബ്ദത്തിന്റെ ലോകത്തേക്കു തിരിച്ചെത്തിയത്. 35വയസുള്ള അജയന്‍ ജന്മനാ കാഴ്ചശക്തിയില്ലാത്തയാളാണ്. കേള്‍വിശക്തിക്കു കുഴപ്പമില്ലായിരുന്നു. എറണാകുളത്തെ അന്ധവിദ്യാലയത്തിലും ചേര്‍ത്തല എസ്എന്‍ കോളജിലുമായി പ്രിഡിഗ്രിവരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജയനെ വിധി വീണ്ടും ബധിരതയുടെ രൂപത്തില്‍ വെല്ലുവിളിക്കുകയായിരുന്നു.

കേള്‍വിയുമായി ബന്ധപ്പെട്ട ഞരമ്പുകള്‍ക്കുണ്ടായ തകരാറാണ് അജയനെ ശബ്ദത്തിന്റെ ലോകത്തുനിന്ന് അകറ്റിയത്. മാതാപിതാക്കള്‍ നിരവധി ആശുപത്രികളിലെത്തിച്ചു അജയനെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. 2014ല്‍ ലൂര്‍ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടത്തിയ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് നിര്‍ണയ ക്യാമ്പാണ് അജയന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

ക്യാമ്പില്‍ അജയനെ പരിശോധിച്ച ലൂര്‍ദ് ആശുപത്രി ഇഎന്‍ടിവിഭാഗം മേധാവി ഡോ.ജോര്‍ജ് കുരുവിള താമരപ്പള്ളി കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ ശബ്ദത്തിന്റെ ലോകത്തേക്കു ഇയാളെ തിരിച്ചുകൊണ്ടുവരാനാകുമെന്നു മാതാപിതാക്കളോടു പറഞ്ഞതോടെ ഇതിനുവേണ്ട സാമ്പത്തിക സമാഹരണത്തിനായി ഈ നിര്‍ധന കുടുംബം പ്രയാസപ്പെടുകയായിരുന്നു.


അജയന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉദാരമതികള്‍ അറിഞ്ഞു സഹായിച്ചപ്പോള്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞു.

ആദ്യ ആറുമാസം എറണാകുളത്ത് ഓഡിയോ തെറാപ്പിക്കു വിധേയമാക്കിയ അജയനെ പിന്നീടു മാതാവ് തന്നെയാണു ശബ്ദം ശ്രവിക്കാനുള്ള പരിശീലനം നല്‍കിയത്. കേരളത്തില്‍ ഇത്തരത്തില്‍ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ അപൂര്‍വമാണെന്നും ബൈലാപ്റ്ററല്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയാണ് അജയനു നടത്തിയതെന്നും ഡോ.ജോര്‍ജ് കുരുവിള താമരപ്പള്ളി പറഞ്ഞു.

കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴില്‍ നടപ്പാക്കുന്ന പദ്ധതിപ്രകാരം ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കു ശസ്ത്രക്രിയയും ചെലവേറിയ ശ്രവണ സഹായ ഉപകരണങ്ങളും ആശുപത്രിയില്‍ സൗജന്യമായി ലഭിക്കുമെന്നും ഇഎസ്എ ആനുകൂല്യങ്ങളുപയോഗിച്ച് ഇത്തരം ശസ്ത്രക്രിയ നടത്താനുള്ള സൗകര്യവും ആശുപത്രിയിലുണെ്ടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.