അഞ്ചു സിപിഐ നേതാക്കള്‍ക്കെതിരേ കടുത്ത നടപടിക്കു ശിപാര്‍ശ
Wednesday, January 11, 2017 3:05 PM IST
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി പരാജയപ്പെട്ട സംഭവത്തില്‍ തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ വി. മോഹന്‍ദാസ്, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ കൗണ്‍സില്‍ അംഗവുമായ തമ്പി മേട്ടുതറ, ഹരിപ്പാട് മണ്ഡലം സെക്രട്ടറി ഡി. അനീഷ്, എം. സോമന്‍, ജോയിന്റ് കൗണ്‍സില്‍ നേതാവ് ശൈലേഷ് കുമാര്‍ എന്നിവര്‍ക്കെതിരേയാ ണു നടപിക്കു ശിപാര്‍ശ ചെ യ്തത്.

പാര്‍ട്ടി വിലയിരുത്തലിനു വിരുദ്ധമായി ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല വിജയിക്കുകയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഐ സിപിഎം നേതാക്കള്‍ക്കെതിരേ വിവിധ കോണുകളില്‍നിന്ന് ആക്ഷേപമുയരുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം എ. ഷാജഹാന്‍ കണ്‍വീനറായി നിയോഗിക്കപ്പെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.


തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച ചുമതലപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണു തിങ്കളാഴ്ച ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് ശിപാര്‍ശ ചെയ്തത്. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെ ഘടകത്തില്‍നിന്നു തരം താഴ്ത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ നേതാവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നുമായിരുന്നു എക്‌സിക്യൂട്ടീവിന്‍ തീരുമാനം.

എന്നാല്‍, ഇന്നലെ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ എക്‌സിക്യൂട്ടീവിന്റെ തീരുമാനത്തിനെതിരായ നിലപാടു സ്വീകരിക്കുകയായിരുന്നു.

നേതാക്കള്‍ക്കെതിരേ പരസ്യ ശാസന മതിയെന്നാണു കൗണ്‍സില്‍ തീരുമാനിച്ചത്. അതേസമയം, പോസ്റ്റല്‍ വോട്ടിന്റെ കുറവ് കണക്കിലെടുത്തു ശൈലേഷ് കുമാറിനെതിരേ നടപടി വേണമെന്ന നിലപാടു കൗണ്‍സിലും ആവര്‍ത്തിച്ചു. നടപടി തീരുമാനം സംസ്ഥാന കൗണ്‍സിലിന്റെഅംഗീകാരത്തിന് അടുത്ത ദിവസം സമര്‍പ്പിക്കും.