തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക തൊഴിൽമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കുകൾ പുതുക്കി നിശ്ചയിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. തുണി അലക്കൽ, പാത്രം കഴുകൽ, വീടും പരിസരവും വൃത്തിയാക്കുക, ഭക്ഷണത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും മറ്റും വാങ്ങിക്കൊണ്ടുവരിക, ഭക്ഷണം പാചകം ചെയ്യുന്നതിന് സഹായിക്കുക തുടങ്ങിയ ജോലികൾക്ക് ഒരു മണിക്കൂർ ജോലിക്ക് 37.50 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 22.50 രൂപയുമാണു നിശ്ചയിച്ചിരിക്കുന്നത്.
ഇവ ഒന്നിച്ചോ ഒന്നിൽ കൂടുതലോ ജോലി ചെയ്യുന്നതിന് എട്ടു മണിക്കൂർ ജോലിക്കു ദിവസവേതനം 195 രൂപയും പ്രതിമാസ വേതനം 5070 രൂപയുമാണ്.
മറ്റുള്ളവയുടെ നിരക്കുകൾ ദിവസവേതനം (എട്ട് മണിക്കൂർ ജോലിക്ക്), പ്രതിമാസ വേതനം എന്ന ക്രമത്തിൽ : കുട്ടികളെ പരിപാലിക്കുക, വിദ്യാലയത്തിൽ കൊണ്ടുപോവുകയും തിരികെകൊണ്ടുവരികയും ചെയ്യുക - 201, 5226, പ്രായം ചെന്നവരെയും രോഗികളെയും ഭിന്നശേഷിയുള്ളവരെയും പരിപാലിക്കുക - 201/5226, കുട്ടികളുടെയും വൃദ്ധരുടെയും പരിപാലനത്തിനൊപ്പം മുകളിൽ പറഞ്ഞ വീട്ടുജോലികളേതെങ്കിലുമോ ഒന്നിച്ചോ ചെയ്യുന്നതിന് - 201/5226, ഭക്ഷണം പാചകം ചെയ്യുക - 213/5538, വ്യക്തിയുടെയോ കുടുംബത്തിന്റെയോ താമസവുമായി ബന്ധപ്പെട്ട് വീട്ടിലും പരിസരത്തും മറ്റു ജോലികൾ ചെയ്യുന്നതിന് - 195/5070, വീട്ടിൽ താമസിച്ച് ഗാർഹികജോലി ചെയ്യുന്നതിന് - 219/5694, വാഹന ഡ്രൈവർ - 219/ 5694, ഗാർഡനർ - 219/5694, ഹോം നഴ്സ് -1) പകൽസമയം - 225,5850, 2) വീട്ടിൽ താമസിച്ച് - 219, 5694. സെക്യൂരിറ്റി/ വാച്ച്മാൻ, ഗാർഡനർ വർക്കർ - 213/5538. അടിസ്ഥാന വേതനത്തിന് പുറമെ സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ വർധനവിന്റെ അടിസ്ഥാനത്തിൽ വർധന വന്ന മാസത്തിന്റെ ഒന്നാം തീയതി മുതൽ അടിസ്ഥാന വേതനത്തിന്റെ അഞ്ച് ശതമാനം വീതം ക്ഷാമബത്തയായി നൽകണം. 18 വയസിൽ താഴെ പ്രായമുള്ളവരെ ജോലിക്ക് നിയോഗിക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.