ആലപ്പുഴ: കുടുംബശ്രീ 19-ാം സംസ്ഥാന വാർഷികാഘോഷങ്ങൾക്ക് ഇന്നു മുതൽ ആലപ്പുഴയിൽ തുടക്കമാകും. ഇന്നും നാളെയുമായി 2,77,175 അയൽക്കൂട്ടങ്ങളെ പ്രതിനിധീകരിച്ച് 1073 സിഡിഎസ് ചെയർപേഴ്സണ്മാർ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും. ഇന്നു സിഡിഎസ് ചെയർപേഴ്സണ്‍മാരുടെ സംഗമം മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും.
നാളെ ഉച്ചകഴിഞ്ഞു രണ്ടിനു സിഡിഎസ് ചെയർപേഴ്സണ്‍മാരുടെ സംഗമം സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. 22, 23 തീയതികളിൽ കുടുംബശ്രീ അംഗങ്ങളുടെ സംസ്ഥാന കലോത്സവവും സംഘടിപ്പിക്കും. കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. 24 മുതൽ 31 വരെ കുടുംബശ്രീ വിപണനമേള ടൗണ്‍ഹാളിൽ സംഘടിപ്പിക്കും.
ഹാൻഡിക്രാഫ്റ്റ്സ്, അപ്പാരൽ, ഹെർബൽ ഉൽപ്പന്നങ്ങൾ, നിർമാല്യം, ഒരു ഗ്രാം സ്വർണത്തിൽ നിർമിച്ച ആഭരണങ്ങൾ, ആറന്മുള കണ്ണാടി, മലപ്പുറം ജില്ലയിലെ കുടുംബശ്രീ വനിതകൾ ഉത്പാദിപ്പിക്കുന്ന അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും കൂടാതെ ചക്ക വിഭവങ്ങളും മേളയിൽ ലഭ്യമാകും. കളക്ടർ വീണ എൻ. മാധവൻ വിപണനമേള ഉദ്ഘാടനംചെയ്യും.
വിപണനമേളയുമായി ബന്ധപ്പെട്ടു സാംസ്കാരികോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, ഫോക്ക്ലോർ അക്കാദമി, ചലച്ചിത്ര അക്കാദമി, കേരള സംഗീത നാടക അക്കാദമി, വിവിധ ജില്ലകളിൽനിന്നുള്ള കുടുംബശ്രീ കലാകാരന്മാർ സാംസ്കാരിക ഉത്സവത്തിൽ പങ്കെടുക്കും.
28ന് വൈകുന്നേരം നാലിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനത്തിൽ മന്ത്രി ഡോ.കെ ടി ജലീൽ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, ഡോ. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ, തോമസ് ചാണ്ടി, പി. തിലോത്തമൻ എന്നിവർ പങ്കെടുക്കും. ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.