ചില്ലറവ്യാപാരത്തിലെ വിദേശ നിക്ഷേപം: പ്രതിപക്ഷം സര്‍ക്കാരിനെ വെട്ടിലാക്കും
Thursday, November 15, 2012 11:22 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: അടുത്തയാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിച്ചതിനെതിരേ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച വേണമെന്ന ബിജെപിയുടെയും ഇടതുപാര്‍ട്ടികളുടെയും തീരുമാനം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ചട്ടപ്രകാരം വോട്ടിംഗോടെ ചര്‍ച്ച ചെയ്യണമെന്നു ആവശ്യപ്പെട്ട് ഇടതുപാര്‍ട്ടികള്‍ സ്പീക്കര്‍ക്കു നോട്ടീസ് നല്‍കി. മള്‍ട്ടിബ്രാന്‍ഡുകളിലെ ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപത്തെ ശക്തമായി എതിര്‍ക്കുമെന്നും ഇക്കാര്യത്തില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ അടക്കം മറ്റു പാര്‍ട്ടികളുമായി യോജിച്ചു പാര്‍ലമെന്റില്‍ തന്ത്രം മെനയുമെന്നു ബിജെപിയും വ്യക്തമാക്കി.

യുപിഎ ഘടകകക്ഷിയായ ഡിഎംകെയും സര്‍ക്കാരിനു പുറത്തുനിന്നു പിന്തുണ നല്‍കുന്ന ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും ചില്ലറവിപണനത്തിലെ വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു സിപിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു ഈയിടെ യുപിഎ വിട്ട തൃണമൂല്‍ കോണ്‍ഗ്രസും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.

എന്നാല്‍, കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കാന്‍ എസ്പി, ബിഎസ്പി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ ഇപ്പോള്‍ തയാറാകില്ലെന്നാണു സൂചന. അതിനാല്‍ത്ത ന്നെ സര്‍ക്കാരിന്റെ ഭാവിക്കു തത്കാലം പ്രശ്നമുണ്ടായേക്കില്ല. ചില്ലറ വ്യാപാരത്തിലെ വിദേശനിക്ഷേപം അടക്കം ഏതു പ്രശ്ന ത്തിലും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു തയാറാണെന്നു കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. സര്‍ക്കാരിനു ഭീഷണിയില്ലെന്നും സാമ്പത്തികരംഗത്തു ചില തീരുമാനങ്ങള്‍ അനിവാര്യമാണെന്നും സര്‍ക്കാരിലെ ഒരു പ്രമുഖന്‍ ഇന്നലെ ദീപികയോടു പറഞ്ഞു.

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ബിജെപിയും ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും യോജിച്ചാകും സര്‍ക്കാരിനെ വെട്ടിലാക്കുക. ഡിഎംകെയും എസ്പി, ബിഎസ്പി പാര്‍ട്ടികളും നിലപാട് വ്യക്തമാക്കാതെ തന്ത്രപരമായി കരുനീക്കം തുടരുകയുമാണ്. എങ്കിലും ഈ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാര്‍ വീഴാന്‍ സാധ്യത കുറവാണ്. ലോക്സഭയില്‍ സ്പീക്കറും രാജ്യസഭയില്‍ ചെയര്‍മാനും ചര്‍ച്ചയ്ക്കു അനുമതി നല്‍കുമെങ്കിലും സര്‍ക്കാരിനെ വെട്ടിലാക്കുന്ന വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച അനുവദിച്ചേക്കില്ല.


ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാക്കളായ മുലായം സിംഗ്, മകനും യുപി മുഖ്യമന്ത്രിയുമായി അഖിലേഷ് യാദവ് തുടങ്ങിയവരെ ക്ഷണിച്ചുവരുത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കഴിഞ്ഞയാഴ്ച വിരുന്നു നല്‍കിയതു വരാനിരിക്കുന്ന പ്രതിസന്ധി മുന്നില്‍കണ്ടാണെന്നു വ്യക്തം. യുപിഎ സര്‍ക്കാരിനെ ഇപ്പോള്‍ അസ്ഥിരപ്പെടുത്തില്ലെന്നു ഇവര്‍ സൂചന നല്‍കുകയും ചെയ്തു. പുറത്തുനിന്നു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതു തുടരുമെന്നു മായാവതി പറഞ്ഞതു കോണ്‍ഗ്രസി നു നേട്ടമാണ്. അതിനാല്‍ പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്താലും വോട്ടെടുപ്പു ബഹിഷ്കരിച്ചു യുപിഎയെ പരോക്ഷമായി സഹാ യിക്കാന്‍ ബിഎസ്പിയും എസ്പിയും തയാറായേക്കാം.

ചില്ലറ വ്യാപാര പ്രശ്നത്തിന്മേല്‍ ഡിഎംകെ നിലപാടു പിന്നീടു തീരുമാനിക്കുമെന്നു കരുണാനിധി വ്യക്തമാക്കി. സിനിമ വിജയിക്കണമെങ്കില്‍ അവസാനംവരെ സസ്പെന്‍സ് നിലനിര്‍ത്തണമെന്നാണ് ഇതേക്കുറിച്ചു കരുണാനിധി ഇന്നലെ ചെന്നൈയില്‍ പറഞ്ഞത്. ചെറുകിട കച്ചവടക്കാര്‍ക്കു ആശങ്കകളുണ്ട്. ഇതു മനസില്‍വച്ചു ഡിഎം കെ പ്രശ്നം ചര്‍ച്ച ചെയ്യും. യുപിഎയിലെ ഘടകകക്ഷിയായ ഡിഎംകെയുടെ നേതാവ് എം. കരുണാനിധിയെ അനുനയപ്പെടുത്താനാകുമെന്നു കോണ്‍ഗ്രസ് കരുതുന്നു. ഇതിനായി സോണിയ ഗാന്ധി മുതിര്‍ന്ന പ്രതിനിധികളോ, ഡിഎംകെ നേതൃത്വവുമായി നേരിട്ടോ, ടെലിഫോണിലോ ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം കരുണാനിധിയുമായി ധനമന്ത്രി പി.ചിദംബരം ചര്‍ച്ച നടത്തിയിരുന്നു.

ചെറുകിട വ്യാപാരമേഖലയിലെ വിദേശനിക്ഷേപ പ്രശ്നത്തില്‍ സര്‍ക്കാരിനെ ശക്തമായി എതിര്‍ക്കുമെന്നു ബിജെപി ജനറല്‍ സെക്രട്ടറിയും വക്താവുമായ രവിശങ്കര്‍പ്രസാദ് പറഞ്ഞു. എന്‍ഡിഎ സഖ്യകക്ഷികളുമായും ഈ പ്രശ്നത്തില്‍ എതിര്‍പ്പുള്ള മറ്റു രാഷ്്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്തു തന്ത്രം മെനയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനം 22-നു തുടങ്ങുന്നതിന്റെ തലേന്നു എന്‍ഡിഎ യോഗം ചേരാനാണു തീരുമാനം. ചെറുകിട വ്യാപാരത്തിലെ വിദേശനിക്ഷേപം അനുവദിക്കുന്നതിനുമുമ്പു ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ ധനമന്ത്രി ലോക്സഭയിലും പിന്നീടു വാണിജ്യമന്ത്രി രാജ്യസഭയിലും ഉറപ്പു നല്‍കിയതാണ്. ഇതാണു സര്‍ക്കാര്‍ ലംഘിച്ചതെന്നു രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.