കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തുമെന്ന് ഉവൈസി
ഹൈദരാബാദ്: യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച മജ്ലിസ് ഇത്തേഹാദുല്‍ മുസ്ലിമീന്‍(എംഐഎം) പാര്‍ട്ടി കോണ്‍ഗ്രസിനെതിരേ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങും.

മജ്ലിസ് പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പാര്‍ട്ടി അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസാദുദിന്‍ ഉവൈസി ഇക്കാര്യം പറഞ്ഞത്. പഴയനഗരത്തിലെ ഭാഗ്യലക്ഷ്മി ക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തിലും മറ്റു പ്രശ്നങ്ങളിലും മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി വര്‍ഗീയമായാണു തീരുമാനമാനമെടുത്തത്. ഹൈദരാബാദിലെ നാലു നൂറ്റാണ്ടു പഴക്കമുള്ള ചാര്‍മിനാറിനോടു ചേര്‍ന്നുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രം വികസിപ്പിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരൊടൊപ്പം ചേര്‍ന്നു മുഖ്യമന്ത്രി വര്‍ഗീയമായി പ്രവര്‍ത്തിച്ചുവെന്ന് ഉവൈസി പറഞ്ഞു.


ചാര്‍മിനാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും. മുഹ്റം ആഘോഷങ്ങള്‍ക്കുശേഷം പാര്‍ട്ടിയുടെ ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ഉവൈസി പറഞ്ഞു.