മദ്യരാജാവ് പോണ്ടി ചദ്ദയും സഹോദരനും വെടിവയ്പില്‍ കൊല്ലപ്പെട്ടു
മദ്യരാജാവ് പോണ്ടി ചദ്ദയും സഹോദരനും വെടിവയ്പില്‍ കൊല്ലപ്പെട്ടു
Sunday, November 18, 2012 11:39 PM IST
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്യരാജാവ് പോണ്ടി ചദ്ദയെന്ന ഗുര്‍ദീപ്സിംഗ് ചദ്ദയും സഹോദരന്‍ ഹര്‍ദീപും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തെക്കന്‍ഡല്‍ഹിയില്‍ പോണ്ടി ചദ്ദയുടെ ഉടമസ്ഥതയിലുള്ള ഛത്തര്‍പുര്‍ ഫാംഹൌസിലായിരുന്നു അനിഷ്ടസംഭവം. വസ്തുതര്‍ക്കം പറഞ്ഞുതീര്‍ക്കാനായി തുടങ്ങിയ ചര്‍ച്ചയ്ക്കിടെ സഹോദരന്മാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു സംഭവത്തെക്കുറിച്ചുള്ള ഒരു ഭാഷ്യം. എന്നാല്‍ 55 കാരനായ പോണ്ടി ചദ്ദയുടെ നേര്‍ക്കു സഹോദരന്‍ ഹര്‍ദീപ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന തരത്തിലും വാര്‍ത്തകളുണ്ട്. ഇതേത്തുടര്‍ന്നു പോണ്ടിയുടെ അംഗരക്ഷകര്‍ ഹര്‍ദീപിനെ വകവരുത്തുകയായിരുന്നുവത്രേ.

വസ്തുതര്‍ക്കം പറഞ്ഞുതീര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സഹോദരന്മാര്‍ മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ചയ്ക്കെത്തിയത്. സമാധാന അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച തുടങ്ങിയതെങ്കിലും ഹര്‍ദീപ് പെട്ടെന്നു പ്രകോപിതനായി. വെടിവയ്പില്‍ പരിക്കേറ്റ സഹോദരന്മാരെ ഉടന്‍ ഡല്‍ഹി എഐഎംഎസില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെടിവയ്പില്‍ പോണ്ടി ചദ്ദയു ടെ ചില അം ഗരക്ഷകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ മൊറാദാബാദിലെ കുടുംബവസതിയില്‍വച്ചും സഹോദരന്മാര്‍തമ്മിലുള്ള തര്‍ക്കം വെടിവയ്പില്‍ കലാശിച്ചു.


ഉത്തര്‍പ്രദേശ് മദ്യവിപണിയിലെ മൊത്തക്കച്ചവടക്കാരാണ് പോണ്ടിയും ഹര്‍ദീപും രാജീന്ദറും ഉള്‍പ്പെടുന്ന ചദ്ദ സഹോദരന്മാര്‍. വന്‍കിട വസ്തുകച്ചവടം, പഞ്ചസാര മില്ലുകള്‍, സിനിമാ നിര്‍മാണം, ഇറച്ചിക്കോഴി ഫാം എന്നിങ്ങനെ വിവിധമേഖലകളിലാണു ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വേവ്ബ്രാന്‍ഡ് എന്നപേരിലുള്ള ബിസിനസ് ഗ്രൂപ്പ് സ്ഥാപിച്ചത് പിതാവ് കുല്‍വന്ദ് സിംഗാണ്. അദ്ദേഹത്തിന്റെ മരണശേഷം 2011 മുതല്‍ പോണ്ടിചദ്ദയും രണ്ടുസഹോദരന്മാരും ചേര്‍ന്നാണ് കച്ചവടസ്ഥാപനങ്ങള്‍ നോക്കിനടത്തിയിരുന്നത്. പോണ്ടി ചദ്ദയുടെ കൈവശമായിരുന്നു ചുക്കാന്‍.

എളിയനിലയില്‍ പിതാവ് തുടക്കമിട്ട ബിസിനസ് സാമ്രാജ്യം അധികാരകേന്ദ്രങ്ങളുമായുള്ള സൌഹൃദത്തിലൂടെ സഹോദരന്മാര്‍ വളര്‍ത്തിവലുതാക്കുകയായിരുന്നു. തുടക്കത്തില്‍ മുലയംസിംഗിന്റെ സമാജ്വാദി പാര്‍ട്ടിയുമായി അടുപ്പംപുലര്‍ത്തിയിരുന്ന പോണ്ടി ചദ്ദ പിന്നീടു മായാവതിയുടെ ബിഎസ്പിയുമായി സൌഹൃദത്തിലായി. 2007ല്‍ മായാവതി അധികാരത്തിലെത്തിയതോടെ ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ 16 കമ്പനികളാണ് പോണ്ടിചദ്ദ സ്ഥാപിച്ചത്. വസ്തുകച്ചവടം, പഞ്ചസാര ഫാക്ടറികള്‍, സിനിമാ നിര്‍മാണം തുടങ്ങി വിവിധ മേഖലകളിലാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.