താക്കറെയ്ക്കു ലക്ഷങ്ങളുടെ അന്ത്യാഞ്ജലി
താക്കറെയ്ക്കു ലക്ഷങ്ങളുടെ അന്ത്യാഞ്ജലി
Monday, November 19, 2012 11:26 PM IST
മുംബൈ: ശിവസേനാ തലവന്‍ ബാല്‍ താക്കറെയ്ക്കു ജനലക്ഷങ്ങളുടെ വികാരനിര്‍ഭരമായ അന്ത്യയാത്രാമൊഴി. 46 വര്‍ഷം മുമ്പു ശിവസേന രൂപവത്കരിച്ചതു മുതല്‍ മഹാരാഷ്ട്രക്കാരുടെ ഇടയിലെ വലിയ സ്വാധീനശക്തിയായ താക്കറെയെ ദാദറിലെ ശിവാജി പാര്‍ക്കില്‍ ഇന്നലെ വൈകുന്നേരം 6.15-നു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മകനും പിന്‍ഗാമിയുമായ ഉദ്ധവ് താക്കറെ ചിതയ്ക്കു തീകൊളുത്തി. 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന മുംബൈ നഗരം താക്കറെയുടെ നിര്യാണത്തെത്തുടര്‍ന്ന് മൌനത്തിലാണ്ടു.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി, ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍, ഗായിക ലതാ മങ്കേഷ്കര്‍, വ്യവസായി അനില്‍ അംബാനി തുടങ്ങിയ പ്രമുഖര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കുകൊണ്ടു.

ബാന്ദ്രയിലെ വസതിയായ മാതോശ്രീയില്‍നിന്നു രാവിലെ ഒമ്പതരയോടെ പുഷ്പാലംകൃത ട്രക്കില്‍ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. ഏഴിനു വിലാപയാത്ര ആരംഭിക്കാനാണു നിശ്ചയിച്ചിരുന്നത്. മാതോശ്രീക്കു സമീപമുള്ള റോഡുകളെല്ലാം ശിവസേനാ പ്രവര്‍ത്തകരെക്കൊണ്ടു നിറഞ്ഞതുമൂലം വിലാപയാത്ര ആരംഭിക്കാന്‍ വൈകി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ 20 ലക്ഷത്തോളം ശിവസേനാ പ്രവര്‍ത്തകര്‍ അണിനിരന്ന വിലാപയാത്ര ആറു കിലോമീറ്റര്‍ അകലെയുള്ള ശിവാജി പാര്‍ക്കില്‍ വൈകുന്നേരം അഞ്ചിനാണ് എത്തിച്ചേര്‍ന്നത്. ഇതിനിടെ, ശിവസേനാ ആസ്ഥാനമായ ദാദറിലെ സേനാഭവനില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു.


സ്വാതന്ത്യ്രലബ്ധിക്കുശേഷം മുംബൈയിലെ ശിവാജിപാര്‍ക്കില്‍ പൊതുസംസ്കാരം നടക്കുന്നത് ഇതാദ്യമാണ്. താക്കറെയുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുള്ള ശിവാജി പാര്‍ക്കില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനു ശിവസേന പ്രത്യേക അനുവാദം വാങ്ങുകയായിരുന്നു. 1966-ലെ ദസറ ആഘോഷദിനത്തില്‍ ശിവാജി പാര്‍ക്കില്‍ റാലിയുമായെത്തിയാണു താക്കറെ ശിവസേനയ്ക്കു രൂപം കൊടുത്തത്.

മറാത്താവാദം ജനങ്ങളില്‍ നിറച്ച നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും ഫ്ളൈ ഓവറുകളിലും കെട്ടിടങ്ങളിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞു. സുരക്ഷ ഉറപ്പുവരുത്താന്‍ വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍മാത്രം 20,000 പോലീസുകാരും 15 കമ്പനി റിസര്‍വ് പോലീസും റാപിഡ് ആക്ഷന്‍ പോലീസും നിലയുറപ്പിച്ചു. മുംബൈ നഗരത്തില്‍ മൊത്തം 48,000 പോലീസുകാരെ വിന്യസിച്ചിരുന്നു. നഗരത്തിന്റെ പലയിടങ്ങളിലും നവി മുംബൈയിലും താനെയിലും ബന്ദിനു സമാനമായ പ്രതീതിയായിരുന്നു. വാണിജ്യ, വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ഓട്ടോകളും ടാക്സികളും നിരത്തിലിറങ്ങിയില്ല. സിനിമാശാലകളും അടഞ്ഞുകിടന്നു.

ബിജെപി നേതാക്കളായ മനേക ഗാന്ധി, ഷാനവാസ് ഹുസൈന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡി.വൈ. പാട്ടീല്‍, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ഏക്നാഥ് ഖാഡ്സെ, കേന്ദ്രമന്ത്രിമാരായ പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ള, വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ, മഹാരാഷ്ട്ര പൊതുമരാമത്തു മന്ത്രി ഛഗന്‍ ഭുജ്ബല്‍, നടന്‍ നാനാ പടേക്കര്‍ തുടങ്ങിയവരും ശിവാജി പാര്‍ക്കിലെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.