സഭയുടെ കൂട്ടായ്മ ശക്തിപ്പെടുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സഭയുടെ കൂട്ടായ്മ ശക്തിപ്പെടുത്തണം:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Monday, November 19, 2012 11:26 PM IST
ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭാംഗങ്ങള്‍ തങ്ങളുടെ കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിതെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാ പ്രേഷിതവര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു ന്യൂഡല്‍ഹി ദ്വാരക ഡിഡിഎ മൈതാനത്തു നടന്ന സമൂഹബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഓരോ വിശ്വാസിയും ദൈവത്തിന്റെ ആലയമാണ്. കര്‍ത്താവ് എന്നും സഭയില്‍ വസിക്കുന്നു. പുതിയ കാലത്തു കര്‍ത്താവിന്റെ സാക്ഷികളായി ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണു വിശ്വാസികള്‍. സാക്ഷ്യജീവിതം നയിക്കുന്നതിലൂടെയാണു വിശ്വാസികള്‍ തങ്ങളുടെ പ്രേഷിതദൌത്യം നിറവേറ്റേണ്ടത്.


സമൂഹത്തിനു ദൈവാനുഭവം പകരാന്‍ വിശ്വാസികളുടെ ജീവിതമാതൃക കാരണമാകണം. മിശിഹാ നമുക്കുവേണ്ടി ജീവിച്ചതുപോലെ നാം സഭയ്ക്കുവേണ്ടി ജീവിക്കാനും പ്രവര്‍ത്തിക്കാനും ശ്രദ്ധിക്കണം. സ്നേഹമാകുന്ന വശ്യശക്തി പ്രചോദനമാവണം. കച്ചവടസംസ്കാരം സ്വാധീനിക്കുമ്പോള്‍ ക്രിസ്തുവില്‍ നവീകരണത്തിന്റെ വക്താക്കളാകുകയാണു ക്രൈസ്തവരുടെ ധര്‍മം.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളെ സഭാകൂട്ടായ്മയില്‍ ഒന്നിപ്പിക്കാന്‍ സാധിക്കേണ്ടതുണ്െടന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.