നിറകണ്ണുകളോടെ രാഷ്ട്രം
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്നു തലസ്ഥാന നഗരിയിലടക്കം രാജ്യമെങ്ങും പലയിടത്തും വേദനതിങ്ങിയ സമാധാനപരമായ പ്രതിഷേധം. കനത്ത പോലീസ് ബന്തവസിലായിരുന്ന ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പെണ്‍കുട്ടിക്ക് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ജനക്കൂട്ടത്തിലൊരു വിഭാഗം തടഞ്ഞതാണ് ഏക അപസ്വരം.

സിംഗപ്പൂരില്‍ ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയ വാര്‍ത്തയെത്തുടര്‍ന്ന് അതിരാവിലെതന്നെ ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പോലീസ് ബാരിക്കേഡുകള്‍കൊണ്ടു കെട്ടിയടച്ചു. ഇന്ത്യാ ഗേറ്റ്, രാജ്പഥ്, വിജയ് ചൌക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ദ്രുതകര്‍മസേനയടക്കം വന്‍ പോലീസ് സന്നാഹം എങ്ങും നിരന്നു. തിരക്കേറിയ രാജീവ് ചൌക്ക്, പട്ടേല്‍ ചൌക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, മണ്ഡി ഹൌസ്, റേസ് കോഴ്സ് റോഡ് അടക്കം നഗരഹൃദയത്തിലെ പത്തു പ്രധാന മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിട്ടു. വാഹന ഗതാഗതവും വഴിമാറ്റി വിട്ടു.

എങ്കിലും കൊടുംതണുപ്പിനെ അവഗണിച്ചു രാവിലെ പത്തുമുതല്‍ത്തന്നെ ജന്തര്‍ മന്തറിലും മുനീര്‍ക്കയിലും മറ്റും ചെറുസംഘങ്ങള്‍ പ്രതിഷേധം തുടങ്ങി. ഉച്ചയായതോടെ അഞ്ഞൂറിലേറെപ്പേര്‍ സ്ഥിരം സമരവേദിയായ ജന്തര്‍മന്തറിലെത്തി. പ്രതിഷേധിക്കാനെത്തിയവരില്‍ ചിലര്‍ രോഷാകുലരായി. ഇതിനിടെ, അരവിന്ദ് കേജരിവാളും സംഘവും ജന്തര്‍മന്തറിലെ പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്നു. നിരോധനം മറികടന്ന്ഇന്ത്യാ ഗേറ്റിലേക്കു മാര്‍ച്ച് ചെയ്യണമെന്നു ചിലര്‍ നിര്‍ദേശിച്ചെങ്കിലും ഭൂരിപക്ഷം സമരക്കാരും സമാധാനപരമായ പ്രതിഷേധം തുടര്‍ന്നാല്‍ മതിയെന്ന പക്ഷക്കാരായിരുന്നു.

ഇതിനിടെ, പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി വിലയിരുത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, എ.കെ. ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലായിരുന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ ഉച്ചയോടെ തന്നെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു വിളിച്ചുവരുത്തിയിരുന്നു.


പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചിക്കാന്‍ ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് ഷീല ദീക്ഷിത് ജന്തര്‍ മന്തറില്‍ എത്തിയത്. സമരവേദിയിലേക്കു കടന്നയുടന്‍ പ്രതിഷേധക്കാരില്‍ ഒരു വിഭാഗം മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചു കൊണ്ടു തടയുകയായിരുന്നു. എങ്കിലും കാറില്‍ നിന്നിറങ്ങി തിരികത്തിച്ചു പെണ്‍കുട്ടിക്കു വേണ്ടി അല്‍പ്പനേരം പ്രാര്‍ഥിച്ചശേഷമാണു മുഖ്യമന്ത്രി മടങ്ങിയത്. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.

പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചിക്കാനാണു ജന്തര്‍മന്തറിലെത്തിയതെന്നു ഷീല ദീക്ഷിത് വിശദീകരിച്ചു. എന്നാല്‍ പ്രതിഷേധം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തെയാണ്എതിര്‍ത്തതെന്നു സമരക്കാരില്‍ ചിലര്‍ പറഞ്ഞു. ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകാത്ത ഷീല ദീക്ഷിതിനു സമരവേദിയിലെത്താന്‍ എന്തവകാശമാണുള്ളതെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു. മുഖ്യമന്ത്രിയെ തടയുമെന്നു അവര്‍ വരുന്നതിനു മുമ്പേ പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

സര്‍ക്കാരിനും പോലീസിനുമെതിരേ ഒരുവിഭാഗം മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. എന്നാല്‍ ഭൂരിഭാഗമാളുകളും മൌനം പാലിച്ചോ, ചെറുശബ്ദത്തിലോ ആണു മരിച്ച പെണ്‍കുട്ടിക്കു ആദരാഞ്ജലിയര്‍പ്പിച്ചത്. വൈകുന്നേരം ആറു മണിയോടെ ജന്തര്‍മന്തറില്‍ തിരിതെളിച്ചു പിടിച്ചു എല്ലാവരും പെണ്‍കുട്ടിക്കു ആദരാഞ്ജലിയര്‍പ്പിച്ചു. വിവിധ സന്നദ്ധ സംഘടനകളും സ്ത്രീസംഘടനകളും തിരികത്തിക്കലില്‍ പങ്കുചേര്‍ന്നു. കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിക്കു നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നു വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പറഞ്ഞു.

ഇതിനിടെ, ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിക്കാന്‍ അനുമതി നല്‍കണമെന്നു മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാവിലെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ക്രമസമാധാന നില തകരാതെ നോക്കേണ്ടതുണ്െടന്നും ഇന്ത്യാ ഗേറ്റ് സമരവേദിയല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന പ്രതിഷേധം അക്രമത്തിലേക്കു വഴിതിരിയാതിരിക്കാനുള്ള മുന്‍കരുതലായാണു റെയ്സീന കുന്ന്, രാജ്പഥ്, ഇന്ത്യാ ഗേറ്റ് തുടങ്ങിയ കേന്ദ്രങ്ങളില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്നു ആഭ്യന്തരമന്ത്രാലയം അറിയിച്ചു.