നീതി ഉറപ്പാക്കും: സോണിയഗാന്ധി
നീതി ഉറപ്പാക്കും: സോണിയഗാന്ധി
Sunday, December 30, 2012 11:07 PM IST
ന്യൂഡല്‍ഹി: കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കു പൂര്‍ണനീതി വേഗം ലഭിക്കുമെന്നും അവളുടെ മരണം വെറുതെയാകില്ലെന്നും യുപിഎ അധ്യക്ഷ സോണിയഗാന്ധി.

സ്ത്രീയും അമ്മയുമെന്ന നിലയില്‍ എല്ലാവരുടെയും വേദന താന്‍ മനസിലാക്കുന്നുവെന്നും സോണിയ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും അനുശോചിച്ചു. ചെറുപ്പക്കാരിയുടെ കുടുംബത്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ തന്റെ അമ്മയോടും സഹോദരിയോടുമൊപ്പം ചേരുന്നു. തന്റെ ചിന്തകളും പ്രാര്‍ഥനകളും ആ കുടുംബത്തോടൊപ്പമാണെന്നും രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം. ഒപ്പം, മെച്ചപ്പെട്ട ഇന്ത്യക്കു വേണ്ടി പണിയെടുക്കുയും പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളോടും യുവാക്കളോടുമൊപ്പമാണു എന്റെ ഹൃദയം. കഴിഞ്ഞു പോയ ദിനങ്ങളെക്കുറിച്ച് ഒരു രാജ്യമെന്ന നിലയില്‍ നാം ആത്മപരിശോധന നടത്തണം.

സ്വന്തം മകളെയോ സഹോദരിയെയോ നഷ്ടപ്പെട്ട പോലെയാണ് ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നതെന്നു സോണിയ പറഞ്ഞു. നിറയെ പ്രതീക്ഷയും സ്വപ്നങ്ങളുമുള്ള 23 വയസുകാരി രാജ്യത്തിന്റെയാകെ വാഗ്ദാനമായിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനയില്‍ രാജ്യം മുഴുവന്‍ പങ്കുചേരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുളള പോരാട്ടത്തെ ശക്തിപ്പെടുത്തണമെന്നും ടെലിവിഷന്‍ കാമറയില്‍ രാജ്യത്തോടായി നടത്തിയ അനുശോചന സന്ദേശത്തില്‍ സോണിയ അഭ്യര്‍ഥിച്ചു.


സംഭവത്തില്‍ രോഷം പ്രകടിപ്പിക്കുന്നവരുടെ വികാരം മനസിലാക്കുന്നു. എല്ലാവരും സംയമനം പാലിക്കണം. നിങ്ങളുടെ ശബ്ദം കേട്ടു കഴിഞ്ഞുവെന്നു ഉറപ്പുതരുന്നു. നീതിക്കു വേണ്ടി പോരാടുമെന്നും പെണ്‍കുട്ടിയുടെ മരണം വെറുതെയാകില്ലെന്നും ഇന്നു നാം പ്രതിജ്ഞ ചെയ്യുന്നു.

വനിതകളുടെ സുരക്ഷയും ഹീനകൃത്യത്തിലെ പ്രതികള്‍ക്കു എത്രയും വേഗം യുക്തമായ ശിക്ഷ ഉറപ്പാക്കാനുമുള്ള പോരാട്ടം ശക്തിപ്പെടുത്താനും നിയമത്തിന്റെയും ഭരണത്തിന്റെയും എല്ലാ ശക്തിയും ഉപയോഗപ്പെടുത്താനും ഈ ദുരന്തം കാരണമാകണം- സോണിയ പറഞ്ഞു.

സ്ത്രീകളെയും പെണ്‍കുട്ടികളെയും മാനഭംഗപ്പെടുത്താനും അവഹേളിക്കാനുമുള്ള സമൂഹത്തിന്റെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കാനും പുരുഷന്മാരുടെ മനസില്‍ മാറ്റം വരുത്താനുമുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതാണു സംഭവമെന്നു സോണിയ ഓര്‍മിപ്പിച്ചു.

ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ തന്നെ സോണിയ അവിടെ നേരിട്ടെത്തിയിരുന്നു. പുതുവല്‍സരാഘോഷങ്ങളും കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷങ്ങളും റദ്ദുചെയ്യാനും സോണിയ തീരുമാനിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.