ഇന്ത്യയുടെ ധീരപുത്രി
ഇന്ത്യയുടെ ധീരപുത്രി
Sunday, December 30, 2012 11:09 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ബസ് യാത്രയ്ക്കിടെ കൂട്ടമാനഭംഗത്തിനിരയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, കേന്ദ്രമന്ത്രിമാര്‍, വിവിധ രാഷ്്ട്രീയ നേതാക്കള്‍ തുടങ്ങിയവരെല്ലാം അനുശോചനം രേഖപ്പെടുത്തി. മരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ ധീരപുത്രിയാണെന്നു രാഷ്്ട്രപതി പ്രണാബ് മുഖര്‍ജി വിശേഷിപ്പിച്ചു.

അതിക്രൂര കുറ്റം ചെയ്ത് പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിലെത്തിച്ചു കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ ഉടനെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ മരണത്തിലുണ്ടായ വികാരവിചാരങ്ങള്‍ ക്രിയാത്മക നടപടികളിലേക്കു വഴിതെളിച്ചാല്‍ അതാവും അവളുടെ ഓര്‍മയ്ക്കു യഥാര്‍ഥ ശ്രാദ്ധാഞ്ജലിയാവുകയെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനൊപ്പം താനും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും ഇന്ത്യന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കാളിയാവുന്നതായി മന്‍മോഹന്‍ സിംഗ് അറിയിച്ചു. രാജ്യത്തെ എല്ലാ രാഷ്ട്രീയ സംഘടനകളും പൊതുസമൂഹവും ഇന്ത്യയെ സുരക്ഷിത രാജ്യമാക്കാന്‍ ഒത്തൊരുമിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

അവസാന ശ്വാസം വരെ അന്തസും ജീവനും കാക്കാന്‍ പോരാടിയ ധീരയാണ് ഈ പെണ്‍കുട്ടി. ഈ കുട്ടി ശരിയായ ഹീറോയാണ്. ഇന്ത്യന്‍ യുവത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകവുമാണ്. ധീരയായ ഈ പെണ്‍കുട്ടിയുടെ വേര്‍പാടില്‍ രാജ്യം ദുഃഖത്തിലാണെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യണം. അക്രമം ഒന്നിനും പരിഹാരമല്ലെന്നും എല്ലാവരും സമാധാനം കാക്കണമെന്നും രാഷ്ട്രപതി അഭ്യര്‍ഥിച്ചു.


പെണ്‍കുട്ടിയുടെ മരണം വെറുതെയാകില്ലെന്ന് ഉറപ്പുവരുത്താനുള്ള വലിയ ഉത്തരവാദിത്തം നമുക്കുണ്െടന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും വൈകാരിക പ്രതികരണങ്ങളും സ്വാഭാവികമാണ്. മാറ്റം ആഗ്രഹിക്കുന്ന യുവ ഇന്ത്യയുടെ പ്രതികരണമായിരുന്നു അത്. ഇത്തരം പ്രതികരണങ്ങളെ ക്രിയാത്മകമായ നടപടികളാക്കി മാറ്റുകയാണ് ഇനി വേണ്ടത്. ശിക്ഷാനിയമം പരിഷ്കരിക്കാനും സ്ത്രീകളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താനും എന്തുവേണമെന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്. സ്ത്രീകളുടെ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്‍മോഹന്‍ സിംഗ് വിശദീകരിച്ചു.

സങ്കുചിതമായ താത്പര്യങ്ങള്‍ മാറ്റിനിര്‍ത്തി ലക്ഷ്യം നേടാന്‍ എല്ലാവരും സഹകരിക്കണം. പെണ്‍കുട്ടിയുടെ ആത്മാവിന് ശാന്തിനേരുന്നതോടൊപ്പം ഈ നഷ്ടം താങ്ങാനുള്ള കരുത്ത് അവളുടെ കുടുംബാംഗങ്ങള്‍ക്കുണ്ടാകട്ടെയെന്നു പ്രത്യാശിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു യോജിച്ച ശിക്ഷ നല്‍കുന്നതു മുന്‍ഗണനയോടെ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.