ഡല്‍ഹി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നു സുഹൃത്ത്; ശരിയല്ലെന്നു പോലീസ്
Sunday, January 6, 2013 11:53 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നു ഡല്‍ഹി പോലീസ്. സംഭവത്തെക്കുറിച്ചു വിവരം ലഭിച്ചു 33 മിനിറ്റിനകം പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിലെത്തിച്ചതായി ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ വിവേക് ഗോഗിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മാനഭംഗത്തിനിരയായ വിദ്യാര്‍ഥിനിക്കൊപ്പം ബസിനുള്ളില്‍ ക്രൂരമായി മര്‍ദനമേറ്റ സ്നേഹിതന്‍ ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു പോലീസിന്റെ അനാസ്ഥയെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. സ്ഥലത്തെത്തിയ ശേഷവും കുറ്റകൃത്യം നടന്നത് ഏതു പോലീസ് സ്റേഷന്‍ പരിധിയിലാണെന്ന സംശയം മൂലം അര മണിക്കൂറോളം പോലീസ് പാഴാക്കിയെന്നും ആരോപിച്ചിരുന്നു. അഭിമുഖം ചാനലില്‍ വന്നതിനു പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ചു പോലീസ് രംഗത്തെത്തിയത്. അഭിമുഖം സംപ്രേഷണം ചെയ്ത സീ ന്യൂസ് ചാനലിനെതിരേ പോലീസ് കേസെടുത്തു. മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യമാക്കിയതിനാണു ഭരണഘടനയിലെ 228 എ വകുപ്പ് പ്രകാരം കേസ് എടുത്തതെന്ന് ഡല്‍ഹി പോലീസ് വക്താവ് രാജന്‍ ഭഗത് വ്യക്തമാക്കി.

മാനഭംഗത്തിനിരയായ വിദ്യാര്‍ഥിനിയുടെ വിവരങ്ങളും മാനഭംഗത്തിന്റെ വിശദാംശങ്ങളും മൊഴികളും പരസ്യപ്പെടുത്തരുതെന്നാണ് 228 എ വകുപ്പ് അനുശാസിക്കുന്നത്. അക്കാര്യം വിശദമാക്കി ടെലിവിഷന്‍ ചാനലുകള്‍ക്കും പത്ര മാധ്യമങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നതിനു ശേഷമാണു കേസിലെ പ്രധാന സാക്ഷിയായ സുഹൃത്തിന്റെ അഭിമുഖം സീ ന്യൂസ് പുറത്തുവിട്ടത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി കൈയടി വാങ്ങുന്നതിലാണു പോലീസ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നതെന്നും അതിനാലാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചതെന്നും സുഹൃത്ത് പറഞ്ഞു. തങ്ങളുടെ ജോലി ചെയ്തതായാണു പോലീസ് സ്വയം അഭിമാനിക്കുന്നത്. സര്‍ക്കാര്‍ ആകട്ടെ മുന്‍കൂട്ടി തയാറാക്കപ്പെട്ട ഒരു തിരക്കഥ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.


പ്രതികള്‍ തങ്ങളെ നഗ്നരാക്കി വഴിയരികില്‍ ഉപേക്ഷിച്ചു 45 മിനിറ്റു കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. അവശനിലയില്‍ രക്തം വാര്‍ന്നുകിടന്ന പെണ്‍കുട്ടിയെയും തന്നെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ കേസ് ഏതു പോലീസ് സ്റേഷന്‍ പരിധിയിലാണെന്ന സംശയത്തില്‍ തര്‍ക്കിച്ചുനില്‍ക്കുകയാണു പോലീസ് ചെയ്തതെന്നും യുവാവു വെളിപ്പെടുത്തി. വഴിയില്‍ കണ്ടു നിന്നവരോ തുടര്‍ന്നെത്തിയ പോലീസോ ഒരു കഷണം തുണി തരാന്‍ പോലും തയ്യാറായില്ല. അവര്‍ ഞങ്ങളെ വെറുതെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. ആവര്‍ത്തിച്ച് കെഞ്ചിയപ്പോള്‍ അവിടെ കൂടിയ ആരോ ഒരാള്‍ ഒരു കഷണം പുതപ്പു തന്നു. താന്‍ തന്നെയാണു പോലീസിന്റെ ഒരു പിസിആര്‍ വാനില്‍ പെണ്‍കുട്ടിയെ കയറ്റിയതെന്നും ഇതിനു സഹായിക്കാന്‍ പോലും പോലീസുകാര്‍ തയാറായില്ലെന്നും സുഹൃത്തു പറയുന്നു.

ആശുപത്രിയിലെത്തിച്ചതിനു ശേഷവും തനിക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ല. സ്വന്തം പണം ചെലവാക്കിയാണു ചികിത്സിച്ചത്. ഗുരുതരമായി മര്‍ദനമേറ്റ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു പകരം നാലു ദിവസം പോലീസ് സ്റ്റേഷനില്‍ താമസിപ്പിച്ചു. മുക്കാല്‍ മണിക്കൂറോളം വഴിയരികില്‍ അവശനിലയില്‍ കിടന്ന തങ്ങള്‍ അതുവഴി കടന്നുപോയവരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിക്കാന്‍ തയാറായില്ല. എല്ലാവരും തങ്ങളെ തുറിച്ചുനോക്കി കടന്നുപോകുകയായിരുന്നു. വാഹനങ്ങളിലെത്തിയവരും വാഹനം നിര്‍ത്തി തങ്ങളെ നോക്കിയ ശേഷം കടന്നുപോകുകയായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.