ഡല്‍ഹി പീഡനം: വിചാരണ രഹസ്യമായി
Tuesday, January 22, 2013 10:48 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ വിചാരണ രഹസ്യമായി നടത്താന്‍ അതിവേഗ വിചാരണക്കോടതി തീരുമാനിച്ചു. നടപടികള്‍ 24ന് അടച്ചിട്ട കോടതിയില്‍ ആരംഭിക്കും. പ്രായപൂര്‍ത്തിയായില്ലെന്ന് അവകാശപ്പെടുന്ന പ്രതിയുടെ മജ്ജ പരിശോധന (ബോണ്‍ മാരോ ടെസ്റ്റ്) നടത്തണമോ എന്ന കാര്യവും കോടതി അന്നു തീരുമാനിക്കും.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സാകേതിലെ അതിവേഗ കോടതിയുടെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന കേസ് പരിഗണിച്ചത്. അഞ്ചു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആറാമത്തെ പ്രതിയുടെ വിചാരണ ബാലനീതി ബോര്‍ഡിനു കീഴിലാണു നടക്കുക.

പ്രതികള്‍ക്കുമേല്‍ ചുമത്തിയ കുറ്റങ്ങളില്‍ വാദം കേള്‍ക്കല്‍ വ്യാഴാഴ്ച ആരംഭിക്കാന്‍ കോടതി തീരുമാനിച്ചു. കേസില്‍ 80 സാക്ഷികളും 12 തെളിവുകളുമാണുള്ളത്. പെണ്‍കുട്ടി മരിച്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പ്രധാന തെളിവ്.


ജനുവരി മൂന്നിനാണു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, കൂട്ട ബലാത്സംഗം, അസ്വാഭാവിക കുറ്റകൃത്യം, തെളിവു നശിപ്പിക്കല്‍, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ചയ്ക്കിടെ മനഃപര്‍വം ഉപദ്രവിക്കല്‍, കവര്‍ച്ചയും കൊലപാതകവും, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

അതേസമയം, കേസിന്റെ വിചാരണ ഡല്‍ഹിക്കു പുറത്തേക്കു മാറ്റണമെന്ന കുറ്റാരോപിതന്റെ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി മുകേഷിന്റെ അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ ചീഫ് ജസ്റീസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചപ്പോഴാണ് ഹര്‍ജി ഇന്നു പരിഗണിക്കാമെന്നു കോടതി ഉറപ്പു നല്‍കിയത്.

സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം മൂലം ഭരണകൂടവും ജുഡീഷറിയും കടുത്ത സമ്മര്‍ദത്തിലാണെന്നതിനാല്‍ വിചാരണ ഡല്‍ഹിക്കു പുറത്ത് ഉത്തര്‍പ്രദേശിലെ മഥുരയിലേക്കു മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.