സൂര്യനെല്ലി കേസ്: കൂടുതല്‍ സമയം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം സുപ്രീംകോടതി നിരസിച്ചു. കേസ് നീട്ടാനാവില്ലെന്നു വ്യക്തമാക്കിയ പ്രത്യേക ഡിവിഷന്‍ ബെഞ്ച്, ചൊവ്വാഴ്ച കേള്‍ക്കേണ്ട കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അന്തിമവാദത്തിനായി തങ്ങള്‍ തയാറായിട്ടില്ലെന്നും അതിനാല്‍ കേസ് നീട്ടണമെന്നുമായിരുന്നു പ്രതിഭാഗത്തിനൊപ്പം സര്‍ക്കാരും ആവശ്യപ്പെട്ടത്.

ലൈംഗികപീഡനങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച ജസ്റീസുമാരായ എ.കെ. പട്നായിക്കും ജ്ഞാനസുധ മിശ്രയും ഉള്‍പ്പെട്ട ബെഞ്ച് മുമ്പാകെ ഇന്നലെ 108-ാമത്തെ കേസായി സൂര്യനെല്ലി കേസ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ കോടതി ചേര്‍ന്നപ്പോള്‍ത്തന്നെ തങ്ങള്‍ തയാറായിട്ടില്ലെന്നും രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്നും പ്രതിഭാഗവും സര്‍ക്കാരും ആവശ്യപ്പെട്ടു. കേസ് കേള്‍ക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നു കോടതി അറിയിച്ചു.


ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിച്ചപ്പോള്‍ വാദം നീട്ടണമെന്ന ആവശ്യം പ്രതിഭാഗവും സര്‍ക്കാരും ആവര്‍ത്തിച്ചു. പീഡനക്കേസുകള്‍ കേള്‍ക്കുന്ന ബെഞ്ചില്‍ 87-ാമതായി ഉള്‍പ്പെട്ട കേസ് ഇത്രവേഗം വാദത്തിനു വരുമെന്നു പ്രതീക്ഷിച്ചില്ലെന്നായിരുന്നു ഇരു കൂട്ടരുടെയും വാദം. എന്നാല്‍, മഹിളാ അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ. ബിജുവും പെണ്‍കുട്ടിക്കുവേണ്ടി ഹാജരായ റുക്സാന ചൌധരിയും ഇതിനെ എതിര്‍ത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ കേള്‍ക്കുന്നതിനു ചീഫ് ജസ്റ്റീസ് താത്പര്യമെടുത്ത് പ്രത്യേകമായുണ്ടാക്കിയ ബെഞ്ചാണെന്നും കേസ് പെട്ടെന്നു വരുമെന്നത് എല്ലാവര്‍ക്കും അറിയുമായിരുന്നെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കേസ് ഒരു കാരണവശാലും മാറ്റിവയ്ക്കരുതെന്ന് ബിജു അഭ്യര്‍ഥിച്ചു. ഈ വാദം പരിഗണിച്ച കോടതി കേസ് നീട്ടാനാവില്ലെന്നു വ്യക്തമാക്കി. എത്രയുംവേഗം തയാറെടുപ്പു നടത്താന്‍ നിര്‍ദേശിച്ച കോടതി ,ചൊവ്വാഴ്ച 108-ാമത്തെ കേസായി ത്തന്നെ ഇതു കേള്‍ക്കുമെന്നും അറിയിച്ചു.