രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി നേതാക്കള്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാക്കിയതിലും എഐസിസി യോഗത്തില്‍ അദ്ദേഹം നടത്തിയ ചരിത്രപരമായ പ്രസംഗത്തിലും ആഹ്ളാദഭരിതരായ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നു. പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ രാഹുലിനേ കഴിയൂ എന്നു നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു.

രാഹുലിന്റെ സ്ഥാനലബ്ധി യുവാക്കളില്‍ ആവേശമുയര്‍ത്തിയെന്നും അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ യുവാക്കള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കി അവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്ന് ഒഡീസ പിസിസി പ്രസിഡന്റ് നിരഞ്ജന്‍ പട്നായിക് പറഞ്ഞു."ഇന്ത്യ ചെറുപ്പമാണ്; താങ്കളും ചെറുപ്പമാണ്. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും ഭാവി താങ്കളിലാണ്. ഞങ്ങളെ നയിക്കൂ; ഞങ്ങള്‍ക്കു വഴികാട്ടിയാകൂ. ഞങ്ങളെ പുനര്‍ജീവനത്തിന്റെ പാതയിലേക്കു നയിക്കുക. സമൂലമാറ്റത്തിന്റെ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു''-പട്നായിക് പ്രസ്താവനയില്‍ പറഞ്ഞു.


എല്ലാ കണ്ണുകളും രാഹുലിലാണെന്നും കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ രാഹുലിനു മാത്രമേ കഴിയൂ എന്ന് അനില്‍ ശാസ്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.