വിശ്വരൂപം: പ്രശ്നപരിഹാരത്തിനു വഴിതെളിയുന്നു
ചെന്നൈ: കമലഹാസന്‍ ചിത്രമായ വിശ്വരൂപത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കാനുള്ള പശ്ചാത്തലമൊരുങ്ങുന്നു. കമലഹാസനും മുസ്ലിം സംഘടനകളും മുന്നോട്ടുവന്നാല്‍ ഒത്തുതീര്‍പ്പിനു മുന്‍കൈയെടുക്കുമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രഖ്യാപനമാണു മഞ്ഞുരുകലിനു വഴി തെളിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കുകയാണെന്നും വിലക്കിനെതിരേ സുപ്രീംകോടതിയെ സമീപിക്കില്ലെന്നും കമലഹാസനും വ്യക്തമാക്കി.

ദേശീയതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചിട്ടും പ്രശ്നത്തില്‍ മൌനം തുടരുകയായിരുന്ന ജയലളിത ഇന്നലെയാണു പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. വിവിധ കോണുകളില്‍നിന്നു വിമര്‍ശനങ്ങളുയരുമ്പോഴും ചിത്രം നിരോധിക്കാനുള്ള തീരുമാനത്തെ അവര്‍ ന്യായീകരിക്കുകയും ചെയ്തു. മുസ്ലിം സംഘടനകളും കമലഹാസനും ആവശ്യപ്പെടുകയാണെങ്കില്‍ പ്രശ്നപരിഹാരത്തിനു വേദിയൊരുക്കാന്‍ സന്നദ്ധയാണെന്നാണു ജയലളിത പ്രഖ്യാപിച്ചത്. അക്രമഭീഷണിയെത്തുടര്‍ന്നാണു ചിത്രം നിരോധിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നു കമലഹാസന്‍ മുംബൈയില്‍ പ്രതികരിച്ചു. വിലക്കിനെതിരേ സുപ്രീംകോടതിയെ സമീപിക്കേണ്ട സാഹചര്യം ഒഴിവാ യെന്നും നടന്‍ പ്രതികരിച്ചു. പുതിയ നീക്കങ്ങളെ തമിഴ്നാട്ടിലെ സിനിമാസംഘടനകളും സ്വാഗതം ചെയ്തു. 100 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഒരുങ്ങുന്നുവെന്നാണു സിനിമാമേഖലയുടെ പ്രതികരണം.
ക്രമസമാധാനം തകരുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു സിനിമ നിരോധിച്ചതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. കമലഹാസനോടു വ്യക്തിവൈരാഗ്യമില്ല. ചിത്രം നിരോധിക്കണമെന്നു വ്യക്തിപരമായ താത്പര്യവുമില്ല. ജനങ്ങള്‍ക്കു സുരക്ഷയും സമാധാനവും ഉറപ്പാക്കുക എന്നതാണു മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രാഥമിക ഉത്തരവാദിത്വം. ചിത്രം പ്രദര്‍ശിപ്പിക്കുന്ന 524 തിയറ്ററുകളിലും സുരക്ഷ ഉറപ്പാക്കുക എന്നത് അസാധ്യമാണ്. മൂന്നു ഷിഫ്റ്റുകളിലായി 31,440 പോലീസുകാരെ ഇതിനായി നിയോഗിക്കേണ്ടിവരും.


മുസ്ലിം സംഘടനാ പ്രതിനിധികള്‍ക്കു മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്നംതീരും. ഇരുകക്ഷികളും ഒന്നിച്ചു പ്രശ്നപരിഹാത്തിന് ശ്രമിക്കുകയാണെങ്കില്‍ സൌകര്യമൊരുക്കാന്‍ സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയ ടിവിക്കു സംപ്രേഷണാവകാശം നിഷേധിച്ചതാണു വിലക്കിനു കാരണമെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജയലളിത വ്യക്തമാക്കി.

ഇതിനു പിന്നാലെയാണു കമല ഹാസനും സിനിമാസംഘടനകളും അനുകൂല പ്രതികരണങ്ങളുമായി എത്തിയത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതനുസരിച്ചു പ്രവര്‍ത്തിക്കുമെന്നു സഹനിര്‍മാതാവും കമലഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായമില്ലാതെ ചിത്രം പ്രദര്‍ശിപ്പിക്കുക അസാധ്യമാണ്. മുസ്ലിം സംഘടനകളുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്. പ്രശ്നപരിഹാരം ഉണ്ടാകുമെന്ന ആത്മവിശ്വാസവും ചന്ദ്രഹാസന്‍ പ്രകടിപ്പിച്ചു.

അതേസമയം, കമലഹാസനു കൂടുതല്‍ സിനിമാതാരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു. കമലഹാസനെയും ചിത്രത്തെയും പിന്തുണയ്ക്കണമെന്നു ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. ഇതൊരു സിനിമ മാത്രമാണ്. നല്ലത്, ചീത്ത എന്നിങ്ങനെ രണ്ടുതരത്തില്‍ മാത്രമേ സിനിമയെ വേര്‍തിരിക്കാനാവൂ-സല്‍മാന്‍ പറഞ്ഞു.