ഭക്ഷ്യസുരക്ഷാ നിയമം: സംസ്ഥാനങ്ങളുടെ ഭക്ഷ്യധാന്യ വിഹിതം കുറയില്ലെന്നു കെ.വി. തോമസ്
ഭക്ഷ്യസുരക്ഷാ നിയമം: സംസ്ഥാനങ്ങളുടെ ഭക്ഷ്യധാന്യ വിഹിതം കുറയില്ലെന്നു കെ.വി. തോമസ്
Friday, February 15, 2013 12:11 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിഹിതം കുറയില്ലെന്ന് ഉറപ്പുവരുത്തുമെന്നു കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രി പ്രഫ. കെ.വി. തോമസ്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

യുപിഎ സര്‍ക്കാര്‍ ആദ്യം തയാറാക്കിയ ഭക്ഷ്യ സുരക്ഷാ ബില്ലിനെക്കാള്‍ വിശാലവും ജനകീയവുമാണ് ഇപ്പോഴത്തെ അന്തിമ ബില്ലെന്നു മന്ത്രി പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും താത്പര്യപ്രകാരമാണു പാര്‍ലമെന്ററി സ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ചതിനെക്കാളും കൂടുതല്‍ പേര്‍ക്കു ഭക്ഷ്യസുരക്ഷയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതെന്നു മന്ത്രി തോമസ് പറഞ്ഞു. ഗ്രാമങ്ങളിലെ 75 ശതമാനം പേര്‍ക്കും നഗരങ്ങളിലെ 50 ശതമാനത്തിനും അടക്കം രാജ്യത്തെ 67 ശതമാനം ആളുകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നിയമപരമായ അവകാശമായി കിട്ടും.

മൊത്തം ജനസംഖ്യയിലെ സമ്പന്നരായ 33 ശതമാനം ആളുകളെ മാത്രമാണ് ഒഴിവാക്കുക. ശേഷിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ജീവിതചക്രം മുഴുവനും ബിപിഎല്‍, എപിഎല്‍ വേര്‍തിരിവില്ലാതെ മൂന്നു രൂപയ്ക്ക് അരിയും രണ്ടു രൂപയ്ക്കു ഗോതമ്പും കേന്ദ്രം നല്‍കും. ഗുണഭോക്താക്കളെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാകും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് ആവശ്യമായ സമയം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുമെന്നും മന്ത്രി പറഞ്ഞു.


അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ള രാജ്യത്തെ രണ്ടരക്കോടിയോളം പാവപ്പെട്ടവര്‍ക്കു പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം മൂന്നു രൂപ നിരക്കില്‍ തന്നെ ലഭ്യമാക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ഈയാവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഗര്‍ഭിണികള്‍ക്കു പ്രതിമാസം ആയിരം രൂപയുടെ ധനസഹായവും അഞ്ചു കിലോ ഭക്ഷ്യധാന്യവും അധികമായി നല്‍കും. ഐസിഡിഎസ് പ്രകാരം ഭക്ഷ്യധാന്യം പാചകംചെയ്തു നല്‍കുന്ന പദ്ധതി തുടരുന്നതിനും ക്രിയാത്മക നടപടി സ്വീകരിക്കും.

രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്കും ഭക്ഷ്യധാന്യം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ കേന്ദ്രം അതിവേഗം പൂര്‍ത്തിയാക്കുകയാണ്. നിലവില്‍ പൊതുവിതരണ സംവിധാനത്തിനു ചെലവഴിക്കുന്ന ഒരു ലക്ഷം കോടി രൂപയ്ക്കു പുറമേ 20,000 കോടി രൂപ കൂടിയെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ ആവശ്യമാകും. നിലവില്‍ നല്‍കുന്നതിനെക്കാള്‍ 20 ലക്ഷം ടണ്‍ അരിയും ഗോതമ്പും ഭക്ഷ്യസുരക്ഷയ്ക്കായി അധികമായി നല്‍കുമെന്നു മന്ത്രി തോമസ് വിശദീകരിച്ചു.

സബ്സിഡി തുക ഉപഭോക്താക്കള്‍ക്കു പണമായി നല്‍കുന്ന കാഷ് ട്രാന്‍സ്ഫര്‍ പദ്ധതി റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തില്‍ ഉടനെ നടപ്പാക്കില്ലെന്നു മന്ത്രി വിശദീകരിച്ചു. ഉപഭോക്താക്കളില്‍ 90 ശതമാനം പേര്‍ക്കെങ്കിലും ബാങ്ക് അക്കൌണ്ടുകള്‍ ഉണ്ടായ ശേഷമേ ഇതു നടപ്പാക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.