ബജറ്റ് ഇന്ന്; സബ്സിഡി കുറയ്ക്കണമെന്നു സര്‍വേ
Thursday, February 28, 2013 11:55 PM IST
റ്റി.സി. മാത്യു

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റ് ഇന്നുച്ചയ്ക്കു ധനമന്ത്രി പി. ചിദംബരം ലോക്സഭയില്‍ അവതരിപ്പിക്കും. ചെലവു ചുരുക്കിയും സബ്സിഡി കുറച്ചും ധനകാര്യനിയന്ത്രണം കൊണ്ടുവരണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണു ബജറ്റ്. സാമ്പത്തികവളര്‍ച്ചയില്‍ പ്രത്യാശ പ്രകടിപ്പിക്കുന്ന സര്‍വേ ഇന്നലെ ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ചു. അത് അദ്ദേഹം എപ്രകാരം പാലിക്കും എന്നാണ് ഇന്നറിയാനുള്ളത്.

കഴിഞ്ഞ വര്‍ഷം പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റിലെ വരവു പ്രതീക്ഷകളും കമ്മിനിഗമനവും പാളിപ്പോയി. 5.1 ശതമാനം ധനകമ്മിയാണു പ്രണാബ് പ്രതീക്ഷിച്ചത്. സാമ്പത്തിക വളര്‍ച്ച ഉന്നംവച്ച 6.5 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനത്തിലേക്കു താണപ്പോള്‍ വരവ് കുത്തനേ കുറഞ്ഞു; പെട്രോളിയം വിലക്കയറ്റം ചെലവു വര്‍ധിപ്പിച്ചു. കമ്മി പരിധിവിട്ടു. ധനകമ്മി 5.3 ശതമാനത്തില്‍ ഒതുക്കുമെന്നാണു ചിദംബരം രണ്ടു മാസം മുമ്പു പറഞ്ഞത്.

ഈ കമ്മി നിലവാരം പാലിക്കുമെന്നാണ് ഇപ്പോള്‍ സൂചന. ഈ മാസം കടപ്പത്രലേലം വേണ്െടന്നുവച്ചതു കമ്മി നിയന്ത്രണത്തിലാണെന്നു കാണിക്കുന്നു. ഇതു സാധിച്ചതു പദ്ധതിച്ചെലവു വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടാണ്. വാര്‍ഷിക പദ്ധതിക്കു നീക്കിവച്ച 5,21,025 കോടിയില്‍നിന്നു 92,000 കോടി രൂപ വെട്ടിക്കുറച്ചെന്നാണു റിപ്പോര്‍ട്ട്.

നികുതി വരുമാനം ബജറ്റ് പ്രതീക്ഷയിലും കുറവായി. ചെലവുകള്‍ പരിധിവിട്ടു. സബ്സിഡി നിയന്ത്രണം വിട്ടു. ഈ സാഹചര്യത്തിലാണു പദ്ധതിച്ചെലവു കുറച്ചത്. 1,93,407 കോടി രൂപ നീക്കിവച്ച പ്രതിരോധച്ചെലവിലും വെട്ടിക്കുറയ്ക്കല്‍ വരുത്തി.

പ്രധാന സബ്സിഡികള്‍ക്കു ചെലവു കൂടിയതാണു കാരണം. ജനുവരിയിലെ നിലവച്ച് രാസവളസബ്സിഡി 60,974 കോടിയില്‍നിന്ന് ഒരുലക്ഷം കോടിക്കു മുകളിലെത്തി. ഭക്ഷ്യസബ്സിഡി 75,000 കോടിയില്‍നിന്ന് ഒരുലക്ഷം കോടിയായി. പെട്രോളിയം സബ്സിഡി ചെലവ് 43,580 കോടിക്കു പകരം 72260 കോടി കവിഞ്ഞു. മൊത്തം സബ്സിഡി 1.73 ലക്ഷം കോടി കണക്കാക്കിയതു 2.72 ലക്ഷം കോടിക്കു മുകളിലായി. ജിഡിപിയുടെ 2.6 ശതമാനം വരുമിത്.


വരുംവര്‍ഷങ്ങളില്‍ സബ്സിഡി രണ്ടു ശതമാനത്തില്‍ താഴെയാക്കണമെന്നു സാമ്പത്തിക സര്‍വേ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നു. ഇതു കുറച്ചാലേ ധനകമ്മി നിയന്ത്രിക്കാനാകൂ. അടുത്ത വര്‍ഷം 4.8 ശതമാനമായി കമ്മി താഴ്ത്തണമെങ്കില്‍ സബ്സിഡികളില്‍ ഗണ്യമായ വെട്ടിക്കുറയ്ക്കല്‍ വേണം. ഡീസല്‍വില സ്വതന്ത്രമാക്കിയതും പാചകവാതകം പരിമിതപ്പെടുത്തിയതും ഒരു പരിധി വരെയേ സഹായിക്കൂ. ചിദംബരം ഇത് എങ്ങനെ ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കരുതെന്നു നിര്‍ദേശിക്കുന്ന സര്‍വേ കൂടുതല്‍ പേരെ നികുതി വലയിലാക്കണമെന്നും പറയുന്നുണ്ട്.ബജറ്റിലെ ധനകമ്മിയും രാജ്യത്തിന്റെ വിദേശ ഇടപാടുകളുടെ അറ്റനില കാണിക്കുന്ന കറന്റ് അക്കൌണ്ടിലെ കമ്മിയും അപകടകരമായ നിലയിലാണെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു. ധനകമ്മി 5.3 ശതമാനം താങ്ങാവുന്നതല്ല. അതു മൂന്നു ശതമാനമാകണം. ഗവണ്‍മെന്റ് വരവി ല്‍ കവിഞ്ഞു ചെലവഴിക്കുന്നതുകൊണ്ടാണു ധനകമ്മി കൂടുന്നത്.

രാജ്യം ഉള്ളതില്‍ കൂടുതല്‍ ചെലവാക്കുന്നതാണു കറന്റ് അക്കൌണ്ട് കമ്മിക്കു കാരണം. ഇതിലെ പ്രധാന വില്ലന്മാര്‍ പെട്രോളിയവും സ്വര്‍ണവുമാണ്. രണ്ടിന്റെയും ഉപയോഗവും ഇറക്കുമതിയും കുറയ്ക്കാന്‍ നടപടി വേണമെന്നു സര്‍വേ നിര്‍ദേശിച്ചു.

സ്വര്‍ണ ഇറക്കുമതി കുറയ്ക്കാന്‍ ഇറക്കുമതിച്ചുങ്കം കൂട്ടാം. ഇപ്പോള്‍ ആറു ശതമാനമാണു ചുങ്കം. ഇതു കൂട്ടിയാല്‍ പഴയ കാലത്തേതുപോലെ കള്ളക്കടത്തു വ്യാപകമാകും. ചിദംബരം ഇതിന് എന്തു ചെയ്യുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.