റെയില്‍വേ: കേരളത്തിന്റെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം
Thursday, February 28, 2013 11:55 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് സംബന്ധിച്ചു കേരളത്തിന്റെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പ്രത്യേക യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. സംസ്ഥാനത്തു നിന്നുള്ള എംപിമാരും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ ആസ്ഥാനത്തു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിനു അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഇന്നലെ റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ നടപടി.

വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ ഇത്തവണത്തെ ബജറ്റിലും പരിഗണിച്ചില്ലെന്ന പരാതികള്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള സംസ്ഥാനത്തെ എംപിമാര്‍ റെയില്‍വേ മന്ത്രിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ യോഗം ചേര്‍ന്ന് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും പ്രധാനമന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷ എന്നിവര്‍ക്കു നിവേദനം നല്‍കാനും തീരുമാനിച്ചു.

പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി വിഷയം ചര്‍ച്ച ചെയ്തെന്നും അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നു എംപിമാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും തിങ്കളാഴ്ച ഡല്‍ഹിയിലെത്തും.


ശുഭപ്രതീക്ഷ നല്‍കുന്ന ചര്‍ച്ചയാണ് നടന്നതെന്നും തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ കേരളത്തിലെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം യുഡിഎഫ് എംപിമാരുടെ കണ്‍വീനറായ കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍, എംപിമാരായ പി.സി. ചാക്കോ, പി.ടി. തോമസ്, എം.ഐ. ഷാനവാസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എന്‍. പീതാംബരക്കുറുപ്പ്, ജോയി എബ്രഹാം, ചാള്‍സ് ഡയസ്, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസും രാവിലെ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഇടത് എംപിമാര്‍ പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തി. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലായിരുന്നു ധര്‍ണ. കേരളത്തോട് വിവേചനപരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ സ്വീകരിച്ചതെന്നു ധര്‍ണയ്ക്കു നേതൃത്വം നല്‍കിയ പി. കരുണാകരന്‍ എംപി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.