അഴഗിരിയുടെ മധുരയില്‍ ഡിഎംകെ പാടുപെടും
Tuesday, April 15, 2014 12:23 AM IST
മധുര: പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട ഡിഎംകെ എംപിയും കരുണാനിധിയുടെ മകനുമായ എം.കെ. അഴഗിരി മധുരയിലെ പാര്‍ട്ടിയുടെ പരാജയത്തിനു വഴിമരുന്നിടും. അങ്ങനെയെങ്കില്‍ മധുര ലോക്സഭാ സീറ്റ് എഡിഎംകെയ്ക്കോ സിപിഎമ്മിനോ ആകും.

ഈമാസം 24നാണു മധുരയിലെ തെരഞ്ഞെടുപ്പ്. ആര്‍. ഗോപാലകൃഷ്ണനാണ് ഇവിടെ എഡിഎംകെ സ്ഥാനാര്‍ഥി. ബി. വിക്രമന്‍ സിപിഎം സ്ഥാനാര്‍ഥിയും. വി. വേലുസ്വാമിയാണ് ഡിഎംകെ സ്ഥാനാര്‍ഥി. കുടിവെള്ളവും വൈദ്യുതിയും തൊഴിലില്ലായ്മയുമാണ് ഇവിടെ പ്രധാന പ്രചാരണ ആയുധം. ഡിഎംഡികെയുടെ ശിവകുമാറും കോണ്‍ഗ്രസിന്റെ ഭാരതി നാച്ചിയപ്പനും മത്സരരംഗത്തുണ്ട്. സിപിഐയുടെ കെ.ടി.കെ തങ്കമണി 1957ലും മുതിര്‍ന്ന സിപിഎം നേതാവ് പി. രാമമൂര്‍ത്തിയും1967ലും മധുര സീറ്റ് സ്വന്തമാക്കിയവരാണ്. 1998ല്‍ ജനത പാര്‍ട്ടിയുടെ സുബ്രഹ്മണ്യന്‍ സ്വാമി ഇവിടെ സിപിഎം നേതാവ് പി. മോഹനെ പരാജയപ്പെടുത്തി. 1999ലും 2004 ലും പി. മോഹനന്‍ വിജയിച്ചു. 1971 മുതല്‍ 1996 വരെ ഏഴു തവണ കോണ്‍ഗ്രസ് ഇവിടെ കുത്തകയാക്കി.


സിപിഎമ്മിന്റെ പി. മോഹനെ 1.40 ലക്ഷം വോട്ടുകള്‍ക്കു പിന്തള്ളിയാണ് 2009ല്‍ ഡിഎംകെ സ്ഥാനാര്‍ഥിയായ അഴഗിരി മധുര സീറ്റ് പിടിച്ചെടുത്തത്. വിവിധ പാര്‍ട്ടികളിലെ നേതാക്കളില്‍ പലരും അഴഗിരിയുമായി ചര്‍ച്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്നതില്‍ അഴഗിരിയും കൂട്ടാളികളും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിയമസഭാ മണ്ഡലങ്ങളായ മധുര സൌത്ത്, മധുര നോര്‍ത്ത്, മധുര സെന്‍ട്രല്‍, മധുര ഈസ്റ്, മധുര വെസ്റ്, മേലൂര്‍ എന്നിവയുള്‍പ്പെടുന്നതാണു മധുര ലോക്സഭാ മണ്ഡലം. ഗ്രാമങ്ങളും നഗരങ്ങളും ഉള്‍പ്പെടുന്ന പ്രദേശമാണിത്. സംഘകാല ചരിത്രമുറങ്ങുന്ന മണ്ണ്.

മുഖ്യമന്ത്രി ജയലളിതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ഗോപാലകൃഷ്ണന്‍ വോട്ടുപിടിക്കുന്നത്. മാറ്റത്തിനുവേണ്ടിയാണ് സിപിഎം സ്ഥാനാര്‍ഥി വിക്രമന്‍ വോട്ടു ചോദിക്കുന്നത്. ഡിഎംകെയിലെ പോരും സ്ഥാനാര്‍ഥികള്‍ക്കു ചൂടേറുന്ന വിഷയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.