സ്ത്രീയും പുരുഷനുമല്ലാത്തവര്‍ മൂന്നാം ലിംഗം: സുപ്രീംകോടതി
സ്ത്രീയും പുരുഷനുമല്ലാത്തവര്‍ മൂന്നാം ലിംഗം: സുപ്രീംകോടതി
Thursday, April 17, 2014 12:13 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സ്ത്രീയും പുരുഷനുമല്ലാത്തവരെ മൂന്നാം ലിംഗമായി പരിഗണിക്കണമെന്നു സുപ്രീം കോടതി. ഇത്തരക്കാര്‍ക്ക് ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കണം. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിനും ഇവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ പൌരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ള വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ മൂന്നാം ലിംഗം എന്ന രീതിയില്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേശീയ ലീഗല്‍ സര്‍വീസസ് അഥോറിറ്റി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ, സാമൂഹ്യ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

എല്ലാ പൌരന്മാരെയും പോലെ വ്യത്യസ്ത ലിംഗത്തിലുള്ളവര്‍ക്കും മൌലികാവകാശങ്ങളുണ്െടന്നും അവ ഭരണഘടന ഉറപ്പുനല്‍കുന്നതു പോലെ തന്നെ ജീവിക്കാന്‍ അവകാശമുണ്െടന്നും ചൂണ്ടിക്കാട്ടിയാണു ജസ്റീസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, എ.കെ. സിക്രി എന്നിവര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ പൌരന്മാര്‍ക്കും സ്വകാര്യതയും ആത്മാഭിമാനവും മൌലികാവകാശങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണ്. ലൈംഗിക ന്യൂനപക്ഷങ്ങളായ ഇത്തരക്കാരോടു വിവേചനം കാണിക്കരുത്.

സ്വത്തവകാശം, വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങി ഒരു കാര്യത്തിലും വിവേചനം പാടില്ല. ഇവര്‍ക്കു വേണ്ടി സാമൂഹ്യ ബോധവത്കരണ പരിപാടികള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ തയാറാകണം. ഇവരുടെ പൌരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.


സ്ത്രീയും പുരുഷനും ശേഷം മൂന്നാമത്തെ ലിംഗ വിഭാഗമായി ഇവരെ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. രാജ്യത്ത് 23.5 ദശലക്ഷം മൂന്നാം ലിംഗക്കാരുണ്െടന്നാണ് കണക്ക്. ഇവര്‍ നേരിടുന്ന വിവേചനം ക്രൂരമാണെന്ന് കോടതി നിരീക്ഷിച്ചു.

വ്യത്യസ്ത ലിംഗ വിഭാഗക്കാരായ ഇവരെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍ മൂന്നാം ലിംഗക്കാര്‍ക്കു വേണ്ട സാമൂഹിക, ആരോഗ്യ പദ്ധതികള്‍ തയ്യാറാക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. ആറു മാസത്തിനുള്ളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി നടപ്പാക്കണം.

ശാരീരിക പരിശോധന നട ത്താതെ മാനസിക പരിശോധനയിലൂടെയാണ് ഒരാള്‍ മൂന്നാം ലിംഗമാണോയെന്ന് അറിയേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ലിംഗമാറ്റ ശസ്ത്രിക്രിയ നട ത്താന്‍ പ്രേരിപ്പിക്കുന്നതു നിയമവിരുദ്ധവും ധാര്‍മിക വിരുദ്ധമാണെന്നും കോടതി പറഞ്ഞു. എന്നാല്‍, സ്വവര്‍ഗാനുരാഗികള്‍ മൂന്നാം ലിംഗക്കാരുടെ പട്ടികയില്‍ പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങളുടെ സവിശേഷ വ്യക്തിത്വം അംഗീകരിക്കണമെന്നും മൂന്നാം ലിംഗ വിഭാഗക്കാരായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിവിധ സംഘടനകള്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.