എറണാകുളത്തേക്കുള്ള ട്രെയിന്‍ വഴിതെറ്റി കര്‍ണാടകയിലെത്തി
Thursday, April 17, 2014 12:14 AM IST
മംഗലാപുരം: കാറിനും ലോറിക്കുമൊക്കെ വഴിതെറ്റിയെന്നു കേട്ടിട്ടുണ്ട്. എന്നാല്‍, ഒരു ട്രെയിനു വഴി തെറ്റിയാലോ? അതിശയിക്കേണ്ട, നമ്മുടെ റെയില്‍വേയില്‍ അതും സംഭവിച്ചിരിക്കുന്നു.

പൊതു യാത്രാവാഹനങ്ങള്‍ വഴിതെറ്റി യാത്ര ചെയ്യുന്നത് അത്യപൂര്‍വ സംഭവമാണ്. ട്രെയിന്‍ പോലുള്ള വലിയ വാഹനങ്ങള്‍ വഴി തെറ്റിപ്പോയാലുണ്ടാകുന്ന പുകില്‍ പറഞ്ഞറിയിക്കാനും വയ്യ. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.10ന് ഗുജറാത്തിലെ ഓഖയില്‍നിന്ന് എറണാകുളത്തേക്കു തിരിച്ച 16338 നമ്പര്‍ ട്രെയിനാണു വഴി തെറ്റിയത്. വഴിതെറ്റി എത്തിയതാകട്ടെ റെയില്‍വേമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെയുടെ സ്വന്തം സ്ഥലമായ കര്‍ണാടകയിലെ ഗുര്‍ബര്‍ഗയിലും. റെയില്‍വേയെ കുറ്റം പറയാന്‍ വരട്ടെ. എല്ലാറ്റിനും കാരണമായതു തിങ്കളാഴ്ച കൊങ്കണ്‍പാതയിലെ തുരങ്കത്തില്‍ ചരക്കുട്രെയിന്‍ പാളം തെറ്റിയതാണ്. രത്നഗിരിയില്‍നിന്നു 30 കിലോമീറ്റര്‍ അകലെ ഉക്സിക്കും സംഗമേശ്വറിനും ഇടയിലാണു ചരക്കുട്രെയിന്‍ പാളം തെറ്റിയത്. ഇതേത്തുടര്‍ന്ന് ഈ റൂട്ടിലുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ചുവിടുകയായിരുന്നു. എറണാകുളത്തേക്കുള്ള ഓഖ ട്രെയിന്‍ തിങ്കളാഴ്ച രാത്രി 10.30ന് മുംബൈയ്ക്കടുത്ത പന്‍വേലിലെത്തിയപ്പോഴാണ് അപകടവിവരമറിയുന്നതും ട്രെയിന്‍ വഴിതിരിഞ്ഞുപോകണമെന്നുമുള്ള സന്ദേശം ലഭിക്കുന്നതും. പൂന -മിറാജ്-ലോണ്ട റൂട്ട്വഴി മഡ്ഗാവിലെത്തി മംഗലാപുരത്തെത്താനായിരുന്നു സന്ദേശം. എന്നാല്‍, ഡ്രൈവറും പന്‍വെല്‍ റെയില്‍വേ സ്റേഷന്‍ മാസ്ററും തമ്മിലുള്ള ആശയവിനിമയത്തിലെ അവ്യക്തത കാരണം ട്രെയിന്‍ വഴി തെറ്റി പന്‍വേലില്‍നിന്നു മഹാരാഷ്ട്രയിലെ ഷോലാപ്പൂരിലേക്കു പോകുകയായിരുന്നു. രാവിലെ ആറോടെ ഉണര്‍ന്നെണീറ്റ യാത്രക്കാര്‍ ഷോലാപ്പൂര്‍ സ്റേഷന്‍ കണ്ടു ഞെട്ടിത്തരിച്ചു. ലോക്കോ പൈലറ്റിനോടു വിശദീകരണം ചോദിച്ചെങ്കിലും മറുപടി നല്‍കാനാവാതെ അദ്ദേഹം കുഴങ്ങി. ഗുണ്ട്കാല്‍- ഹൂബ്ളി വഴി പോകുകയാണെന്ന ഉറപ്പില്‍ ട്രെയിന്‍ യാത്ര തുടര്‍ന്നു. പ്രതിഷേധം തുടര്‍ന്ന യാത്രക്കാര്‍ ട്രെയിന്‍ ഗുല്‍ബര്‍ഗ നഗരത്തില്‍നിന്നും ഒരു കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ ചങ്ങല വലിച്ചു നിര്‍ത്തി. വിവരമറിഞ്ഞ് എത്തിയ ഗുല്‍ബര്‍ഗ സ്റേഷന്‍മാസ്ററും യാത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ കുഴങ്ങി. യാത്രക്കാര്‍ പ്രതിഷേധം തുടര്‍ന്നതോടെ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഒടുവില്‍ ട്രെയിന്‍ ഗുല്‍ബര്‍ഗ സ്റേഷനിലേക്കു നീക്കി. യാത്രക്കാര്‍ക്കെല്ലാം പണം മടക്കി നല്‍കുമെന്നും സ്റേഷന്‍ മാസ്റര്‍ അറിയിച്ചു.


ചില യാത്രക്കാര്‍ പണം മടക്കിവാങ്ങിയെങ്കിലും ചില യാത്രക്കാര്‍ ട്രെയിനില്‍ത്തന്നെ ഇരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ഓടെ ട്രെയിന്‍ വീണ്ടും ഷോലാപ്പൂരിലേക്കു തിരികെ പോയി. അവിടെനിന്നു ഹുഡ്ഗി-ബിജാപൂര്‍-ബാഗല്‍കോട്ട്-ഗഡാഗ്-ഹൂബ്ളി-ലോണ്ട-മഡ്ഗാവ് വഴി ഓടിയ ട്രെയിന്‍ വീണ്ടും എറണാകുളത്തേക്കു പോകുകയായിരുന്നു. മംഗലാപുരത്തും മറ്റും ഇറങ്ങേണ്ട മലയാളികളുള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ ഗുല്‍ബര്‍ഗയിലിറങ്ങി അവിടെനിന്നു ബസുകളിലാണു നാട്ടിലെത്തിയത്. ട്രെയിന്‍ ദിശ തെറ്റി ഇത്രമാത്രം യാത്ര ചെയ്തിട്ടും ഇതിനിടയിലുള്ള ഒരു സ്റേഷനിലെയും ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കാതിരുന്നതു വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്നലെ പുലര്‍ച്ചെ എറണാകുളത്ത് എത്തി രാത്രി 8.50ന് ഓഖയിലേക്കു മടങ്ങേണ്ടതായിരുന്നു ഈ ട്രെയിന്‍. വഴിതെറ്റിയതിനെത്തുടര്‍ന്നു മണിക്കൂറുകളോളം വൈകിയതിനാല്‍ ഇന്നു രാവിലെ 7.25നാണ് എറണാകുളത്തുനിന്നും ഈ ട്രെയിന്‍ ഓഖയിലേക്കു മടങ്ങുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.