മഥുരയില്‍ മധുരിക്കുമോ
മഥുരയില്‍ മധുരിക്കുമോ
Thursday, April 17, 2014 11:05 PM IST
ജോര്‍ജ് കള്ളിവയലില്‍

മഥുര (ഉത്തര്‍പ്രദേശ്): ശ്രീകൃഷ്ണന്റെ നാട്ടില്‍ സ്വപ്നനായിക ഹേമമാലിനി കൃഷ്ണന്റെ ആരാധകര്‍ക്കു പുതിയ ആവേശമാണ്. ഉത്തര്‍പ്രദേശിലെ മഥുര ലോക്സഭാ മണ്ഡലത്തില്‍ ഹേമമാലിനിയാണു താരം. മഥുര തിരിച്ചുപിടിക്കാന്‍ ബിജെപി നിയോഗിച്ച ഹേമമാലിനിക്കു പക്ഷേ, ഉത്തര്‍പ്രദേശിന്റെ രീതികള്‍ പറ്റുന്നില്ല. സ്ഥാനാര്‍ഥിയാണെങ്കിലും സിനിമാ താരത്തിന്റെ ജാഡകള്‍ ഉപേക്ഷിക്കാന്‍ ഹേമമാലിനി തയാറുമല്ല.

ആഡംബര ഔഡി ക്യു ഫൈവ് കാറിലാണു ഹേമമാലിനിയുടെ മണ്ഡല പര്യടനം. എയര്‍കണ്ടീഷന്‍ഡ് കാറിന്റെ കറുത്ത ചില്ലുകള്‍ വല്ലപ്പോഴുമൊന്നു താഴ്ത്തി കൈവീശും. കാറില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ രണ്ടു ഭീമന്‍ ഇടിക്കുട്ടന്മാര്‍ (ബോക്സര്‍മാര്‍ എന്നു പറയുന്ന ബോഡി ഗാര്‍ഡുകള്‍) സദാസമയവും കൂടെയുണ്ടാകും. പോരാത്തതിനു വനിതാ പോലീസുകാര്‍ അടക്കം മൂന്നു സുരക്ഷാഉദ്യോഗസ്ഥര്‍ വേറെയും. ആവേശം മൂത്തു ഗ്രാമീണര്‍ താരറാണിയെ തൊടാതിരിക്കാന്‍ ഇവര്‍ മുഴുസമയവും ജാഗരൂകരാണ്.

എന്നിട്ടും താരറാണിയെ ഒരുനോക്കു കാണാന്‍ പാവം ഗ്രാമീണര്‍ തിക്കും തിരക്കും കൂട്ടി പാഞ്ഞടുക്കുകയാണ്. മഥുരയിലെ ദിഗേറ്റ് എന്ന ചെറുടൌണിലെത്തിയ ഹേമമാലിനിയെ കാണാന്‍ ജനം തടിച്ചുകൂടി. അംബേദ്കര്‍ ജയന്തിദിനമായതിനാല്‍ അവിടെയുള്ള അംബേദ്കര്‍ പ്രതിമയില്‍ മാലയിടാനെത്തിയതായിരുന്നു ഹേമമാലിനി. പക്ഷേ, താരത്തെ കാണാനെത്തിയ ഒരാളെയും ഹേമമാലിനിയുടെ അടുത്തെത്താന്‍ തടിയന്മാരായ ബോഡി ഗാര്‍ഡുകള്‍ അനുവദിച്ചില്ല. കുറെ പേര്‍ക്കെങ്കിലും ചെറിയ തല്ലും തലോടലും കിട്ടി.

ദളിത്, ബിജെപി നേതാക്കളടക്കം സ്വീകരിക്കാനെത്തിയവരെപ്പോലും തിരിഞ്ഞുനോക്കാതെയാണു ഹേമമാലിനി വേദിയിലേക്കു കയറിയത്. റോസപ്പൂക്കള്‍ വിതറിയായിരുന്നു സ്വീകരണം. പൂമാലയും കരുതിയിരുന്നെങ്കിലും ഇടാന്‍ തുടങ്ങിയവരെ താരം തന്നെ വിലക്കി. തലയില്‍ റോസാ ഇതളുകള്‍ വീണതോടെ അതും നിര്‍ത്തിച്ചു. വേഗത്തില്‍ വേദിയിലേക്കു നടന്നുകയറി. പിന്നാലെ കയറാനെത്തിയവരെയെല്ലാം ബോഡി ഗാര്‍ഡുമാര്‍ തടഞ്ഞു. മാലയിട്ടശേഷം തിരികെ നടക്കാനൊരുങ്ങിയ താരത്തോട്, എന്തെങ്കിലും സംസാരിക്കണമെന്നു പറയാന്‍ പോലും ആര്‍ക്കും ധൈര്യമില്ല.

രണ്ടു മിനിറ്റു കൊണ്ടു ചടങ്ങു പൂര്‍ത്തിയാക്കി തിരികെ കാറിലേക്ക്. ഇറങ്ങിവരുന്ന വഴി ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി ചെന്നു. അവരോടും ഒന്നും മിണ്ടാതെ നേരേ കാറിലേക്ക്. ഒന്നു കാണാനെത്തിയവരെ ചിരിച്ചു കാണിക്കാന്‍ പോലും തയാറാകാതെ സ്ഥാനാര്‍ഥി മടങ്ങി. പോകാന്‍ നേരം കാറിന്റെ ചില്ലു താഴ്ത്തി എല്ലാവരെയും കൈവീശി. അത്രയെങ്കിലുമായല്ലോ എന്നു കാത്തു നിന്നവര്‍ക്ക് ആശ്വാസം.

സ്ഥാനാര്‍ഥി ആകുകയാണെങ്കില്‍ ഇതുപോലെ യുപിയില്‍ വേണമെന്നു തോന്നിപ്പോയി. അതും താരമായി. സ്വന്തം വോട്ടര്‍മാരോടു സംസാരിക്കുകയോ ചിരിച്ചുകാണിക്കുകയോ ചെയ്യാതെ സ്ഥാനാര്‍ഥി ജാഡയില്‍ കറങ്ങുക. കേരളത്തിലാണെങ്കില്‍ ഇതൊന്നും ആലോചിക്കാന്‍ പോലുമാകില്ല.

മഥുരയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണു ഹേമമാലിനിയുടെ താമസം. ഹോട്ടലില്‍ നിന്നു രാവിലെ പത്തു മണിക്കു ശേഷമാണു പര്യടനം ആരംഭിക്കുന്നത്. പാര്‍ട്ടിക്കാര്‍ക്കു സ്ഥാനാര്‍ഥിയുടെ കാറില്‍ പ്രവേശനമില്ല. പാര്‍ട്ടിക്കാരും ആര്‍എസ്എസ് ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും വേറെ വാഹനങ്ങളില്‍ സ്ഥാനാര്‍ഥിയെ പിന്തുടരും. ദിവസവും ചുരുക്കം പരിപാടികള്‍ മതിയെന്നും നിഷ്കര്‍ഷയുണ്ട്. ബാക്കിയൊക്കെ ആര്‍എസ്എസുകാരും ബിജെപി പ്രവര്‍ത്തകരും നോക്കിക്കൊള്ളും. അവര്‍ ഗ്രാമങ്ങള്‍ തോറും ചിട്ടയായ പ്രവര്‍ത്തനം നടത്തുന്നുണ്െടന്നു പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്ന ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചു.

മുംബൈക്കാരിയായ ഹേമമാലിനി മഥുരയില്‍ മത്സരിക്കാനായി എത്തിയതുതന്നെ ‘ഭാഗ്യമെന്നാണു ബിജെപി പ്രവര്‍ത്തകനായ ചമന്‍ലാലിന്റെ പക്ഷം. അറുപതുകളുടെ അവസാനം ഹിന്ദി സിനിമകളിലെ നായികയായി രംഗപ്രവേശം ചെയ്ത ഹേമമാലിനി 65 വയസു കഴിഞ്ഞിട്ടും ഗ്ളാമര്‍ വിടാതെ താരറാണിയായി വാഴുകയാണ്. ചുളിവു വീണുതുടങ്ങിയ കൈകളിലും മുഖത്തും മേയ്ക്കപ്പിന് ഇപ്പോഴും കുറവില്ല. നല്ല ‘ഭരതനാട്യം നര്‍ത്തകിയായതിനാല്‍ ഹേമയ്ക്ക് പ്രസരിപ്പിനും കുറവില്ല.

1968ല്‍ 'സപ്നോം ക സൌദാഗര്‍' എന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തിലെ അരങ്ങേറ്റം. തമിഴ്നാട്ടിലെ അമ്മന്‍കുടിയില്‍ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ വി.എസ്. രാമാനുജം ചക്രവര്‍ത്തിയുടെയും ജയയുടെയും മകളായി ജനിച്ചതാണു ഹേമമാലിനി. സിനിമയിലെ നായകന്‍ ധര്‍മേന്ദ്രയെ വിവാഹം കഴിച്ചശേഷം ഇരുവരും മതം മാറി ഇസ്ലാം മതം സ്വീകരിച്ചു. ബിജെപിയില്‍ ചേര്‍ന്നശേഷം തിരികെ ഹിന്ദുമതം സ്വീകരിച്ചതായി അറിവില്ല. അതെന്തായാലും ഷോലെ, ഡ്രീം ഗേള്‍, സീത ഓര്‍ ഗീത, ദ ബേണിംഗ് ട്രെയിന്‍ തുടങ്ങിയ സിനിമകളിലെയെല്ലാം താരറാണി ഇന്നും യുപിയിലെ സാധാരണക്കാര്‍ക്കു സ്വപ്നറാണിയാണ്. 2003ല്‍ ജയ് മാതാ കി എന്ന ടെലിവിഷന്‍ സീരിയലില്‍ ദുര്‍ഗാദേവിയായി അഭിനയിച്ച ഹേമമാലിനി പലര്‍ക്കും ഇന്നും ദേവിയാണ്.


ഹേമമാലിനിക്കു പക്ഷേ, മഥുരയില്‍ തെരഞ്ഞെടുപ്പു വിജയം അത്ര എളുപ്പമല്ലെന്ന് എതിരാളികള്‍ ആണയിടുന്നു. മുന്‍പ്രധാനമന്ത്രി ചരണ്‍സിംഗിന്റെ കൊച്ചുമകനും കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിംഗിന്റെ മകനുമായ ജയന്ത് ചൌധരിയാണു പ്രധാന എതിരാളി. കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍എല്‍ഡി സ്ഥാനാര്‍ഥിയാണു ജയന്ത്. എംഎല്‍എ കൂടിയായ സമാജ്വാദി പാര്‍ട്ടിയുടെ ഠാക്കൂര്‍ ചന്ദന്‍ സിംഗും മണ്ഡലത്തില്‍ വിജയപ്രതീക്ഷ വിടാതെ സജീവമാണ്. ബിഎസ്പിയുടെ യോഗേഷ് ദ്വിവേദി, എഎപിയുടെ കപില്‍ മിശ്ര എന്നിവരും മല്‍സരത്തിലുണ്ട്.

യുപിഎ സ്ഥാനാര്‍ഥിയും മഥുരയിലെ സിറ്റിംഗ് എംപിയുമായ ജയന്ത് 2009ല്‍ നേടിയ 1.80 ലക്ഷം വോട്ടിന്റെ വലിയ ഭൂരിപക്ഷം മറികടക്കുകയാണു ഹേമമാലിനിയുടെ വലിയ കടമ്പ. ഹിന്ദു വോട്ടുകളുടെ ഏകീകരണവും ബിജെപിക്കും മോദിക്കും അനുകൂലമായ പൊതു ട്രെന്‍ഡും ഗുണം ചെയ്യുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. ബ്രാഹ്മണ വോട്ടുകളില്‍ ഏറിയ പങ്കും ഹേമയ്ക്കു കിട്ടാതിരിക്കില്ല. ബിജെപിയുടെ കോട്ട തിരികെ പിടിക്കാന്‍ രാജ്യസഭാംഗംകൂടിയായ ഹേമയ്ക്കു കഴിയുമെന്നതില്‍ നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായ അമിത് ഷായ്ക്കും ല വലേശം സംശയമില്ല.

1991 മുതല്‍ 2004 വരെ ബിജെപി വലിയ ഭൂരിപക്ഷത്തോടെ ജയിച്ചുവന്ന മണ്ഡലമാണിത്. 1984ല്‍ ഇവിടെ നിന്നു ജയിച്ച മാനവേന്ദ്ര സിംഗിനെ 2004ല്‍ വീണ്ടും ഇറക്കിയാണു കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിച്ചത്. നാലര ലക്ഷത്തോളം വരുന്ന ജാട്ട് വോട്ടര്‍മാര്‍ തുണച്ചതോടെ ജാട്ട് നേതാവായ അജിത് സിംഗിന്റെ മകന്‍ ജയന്ത് വന്‍ഭൂരിപക്ഷത്തോടെ 2009ല്‍ പാര്‍ലമെന്റിലെത്തി. പ ക്ഷേ അന്ന് ബിജെപി പിന്തുണ ജയന്തിനായിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ആര്‍എല്‍ഡി പിന്നീടാണു യുപിഎയിലെത്തിയത്. അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങളാണു യുവാ വായ ജയന്ത് പ്രധാ ന മായും നിരത്തുന്നത്. ഗ്രാമങ്ങള്‍ തോറും കയറിയിറങ്ങിയുള്ള ജന സമ്പര്‍ക്ക പരിപാടിയിലാണു ജയന്തിന്റെ ഊന്നല്‍.

മണ്ഡലവുമായി തന്റെ കുടുംബത്തിനുള്ള ആത്മബന്ധം ശക്തമാണെന്നു ജയന്ത് ചൌധരി ദീപികയോടു പറഞ്ഞു. ചൌധരി ചരണ്‍സിംഗിന്റെ കാലംമുതലുള്ള അടുപ്പമാണ്. ലോക്ദളും ജനതാപാര്‍ട്ടിയും രണ്ടു തവണ വീതം മഥുരയില്‍നിന്നു ജയിച്ചിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും ഹേമമാലിനി ശക്തയായ സ്ഥാനാര്‍ഥിയാണെന്നു ജയന്ത് സമ്മതിക്കുന്നു. ഭൂരിപക്ഷം കുറഞ്ഞാലും ജനം ഇത്തവണയും തന്നെ തുണയ്ക്കുമെന്നാണു ജയന്തിന്റെ വിശ്വാസം. മഥുരയില്‍നിന്നു 40 കിലോമീറ്റര്‍ അകലെ ശിവാല്‍ ഗ്രാമത്തില്‍ വച്ചാണു ജയന്തിനെ കണ്ടത്. നിറയെ ഗോതമ്പു പാടങ്ങള്‍. സ്വര്‍ണനിറത്തിലായ ഗോതമ്പു വിളഞ്ഞു നില്‍ക്കുന്ന വയലേലകള്‍ക്കു കൊയ്ത്തിനു മുമ്പുള്ള കുട്ടനാടിന്റെ ചാരുതയാണ്. ഗ്രാമമുഖ്യന്റെ വീട്ടിലായിരുന്നു യോഗം. എംപിയായ ജയന്ത് പറയുന്നതെല്ലാം ഗ്രാമീണര്‍ സാകൂതം കേട്ടു. പിന്തുണയും വോട്ടും ചിലരെങ്കിലും ഉറപ്പു നല്‍കി. എന്നാല്‍, ഇത്തവണ വോട്ട് ഹേമമാലിനിക്കാണെന്നു ചിലര്‍ പിന്നീടു ലേഖകനോടു തുറന്നു പറഞ്ഞു. വികസനം വന്നിട്ടില്ലെന്നും കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണെന്നും അനൂപ് സിംഗ് എന്നയാള്‍ കുറ്റപ്പെടുത്തി. എങ്കിലും ജയന്ത് ചൌധരി വിനയമുള്ള നല്ല നേതാവാണെന്നും അതിനാല്‍ വോട്ട് ജയന്തിനു തന്നെയാണെന്നു വേറെ കുറെ പേരും തീര്‍ത്തുപറഞ്ഞു. മത്സരം ഇക്കുറി കടുത്തതാകുമെന്നു നേരത്തെ മഥുര റെയില്‍വേ സ്റേഷനിലെ കൂലികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും പറഞ്ഞതു ശരിയാണെന്നു ബോധ്യമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.