കര്‍ണാടകയില്‍ ബസിനു തീപിടിച്ച് ആറു മരണം
Thursday, April 17, 2014 11:06 PM IST
ബാംഗളൂര്‍: കര്‍ണാടകയില്‍ സ്വകാര്യബസിനു തീപിടിച്ച് ആറു യാത്രക്കാര്‍ മരിച്ചു. പരിക്കേറ്റ 12 യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ദേശീയപാത നാലില്‍ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ താലൂക്കില്‍പ്പെട്ട മെതികുര്‍കി ഗ്രാമത്തിലായിരുന്നു സംഭവം. ദാവന്‍ഗെരെയില്‍നിന്നു ബാംഗളൂരിലേക്കു പോകുകയായിരുന്ന എസ്പിആര്‍ ട്രാവല്‍സിന്റെ സ്ളീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പാതയ്ക്കരികിലെ കുഴിയില്‍ വീണതിനെത്തുടര്‍ന്നു തീപിടിക്കുകയായിരുന്നുവെന്നു ചിത്രദുര്‍ഗ ജില്ലാ പോലീസ് സൂപ്രണ്ട് രവികുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു ഡ്രൈവര്‍ ബാംഗളൂര്‍ സ്വദേശി ഫിറോസി(35)നെ പോലീസ് അറസ്റ് ചെയ്തു. മരിച്ചവരെല്ലാം പുരുഷന്മാരാണ്. എന്നാല്‍, ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അതിനാല്‍ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഡ്രൈവറുടെ സീറ്റിനടുത്ത് ആദ്യം കണ്ട തീ പെട്ടെന്നുതന്നെ ബസ് മുഴുവനായി പടര്‍ന്നുപിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ടു മിക്ക യാത്രക്കാരും താഴേക്ക് എടുത്തുചാടി. കുഴിയില്‍ വീണതിനെത്തുടര്‍ന്ന് ബസ് ഒരുവശത്തേക്കു ചെരിഞ്ഞതിനാല്‍ ചില യാത്രക്കാര്‍ക്കു പുറത്തേക്കു ചാടാനായില്ല. ഇവരില്‍ സീറ്റിനടിയില്‍പ്പെട്ട ആറു പേരാണു ദാരുണമായി മരിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായി കത്തിയമര്‍ന്നു. പോലീസും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനം നടത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ബാംഗളൂരില്‍നിന്നു 160 കിലോമീറ്റര്‍ അകലെയാണ് അപകട സ്ഥലം.


ഏഴു മാസത്തിനിടെ കര്‍ണാടകയില്‍ ബസിനു തീപിടിച്ചുണ്ടാകുന്ന മൂന്നാമത്തെ ദുരന്തമാണിത്. കഴിഞ്ഞ ഒക്ടോബര്‍ 20ന് ബാംഗളൂരില്‍നിന്നു ഹൈദരാബാദിലേക്കു പോകുകയായിരുന്ന വോള്‍വോ എസി ബസ് ആന്ധ്രപ്രദേശിലെ മഹബൂബാനഗര്‍ ജില്ലയില്‍ മീഡിയനില്‍ തട്ടി തീപിടിച്ച് 45 യാത്രക്കാര്‍ മരിച്ചിരുന്നു. നവംബര്‍ 13ന് ബാംഗളൂരില്‍നിന്നു മുംബൈയിലേക്കു പോകുകയായിരുന്ന എസി ബസ് കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ തീപിടിച്ച് ഏഴു പേര്‍ മരിക്കുകയും 40 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.